Wed. Jan 22nd, 2025
കുമരകം:

വിതച്ചില്ല, പക്ഷേ കൊയ്ത്തു നടത്തി. പുത്തൻകുളം വീട്ടിൽ സാബു ജോസഫാണ് കൈപ്പുഴമുട്ട് വളപ്പിൽ (കേളക്കരി–വട്ടക്കായൽ) പാടത്ത് നെല്ലു വിതയ്ക്കാതെ കൊയ്ത്തു നടത്തിയത്. 12 ഏക്കർ പാടത്താണ് കൃഷി. കഴിഞ്ഞ വിരിപ്പുകൃഷിയുടെ സമയത്ത് കൊഴിഞ്ഞു വീണ നെല്ലാണു കിളിർത്ത് കതിരണിഞ്ഞത്.

നെൽച്ചെടികൾക്ക് കേടു സംഭവിക്കുമ്പോൾ തലമണികൾ കൊഴിയാറുണ്ട്. അതിനൊപ്പം വെട്ടുകിളി ശല്യം വന്നതോടെയാണ് കൂടുതൽ നെൽമണി കൊഴിഞ്ഞത്. 2020 ലെ കൃഷി കഴിഞ്ഞയുടൻ പാടം ഉഴവു നടത്തി. എന്നാൽ മേയ് മാസമായപ്പോൾ കൊഴിഞ്ഞു വീണ നെൽച്ചെടികൾ തനിയെ കിളിർത്തു.

വളർന്നു പൊങ്ങിയ നെൽച്ചെടികളുടെ കരുത്ത് ബോധ്യമായ സാബു ഒരു പരീക്ഷണത്തിന് ഒരുങ്ങി. ജൂൺ മാസമായപ്പോൾ പാടം നിറയെ നെൽച്ചെടികളായി. നെല്ലു കിളർപ്പിച്ച് വിത നടത്തി വളർന്നു വരുന്നതിനേക്കാൾ നന്നായി നെൽച്ചെടികൾ കിളിർത്തു.

മറ്റു കർഷകർ പാടത്തു വിത നടത്തിയപ്പോൾ സാബു, തനിയെ കിളിർത്തുവന്ന നെൽച്ചെടികളെ പരിപാലിച്ച് വളർത്തി. വിളവായ നെല്ല് ഇന്നലെ കൊയ്തപ്പോൾ വിരിപ്പുകൃഷിയുടെ ജില്ലയിലെ ആദ്യ വിളവെടുപ്പു കൂടിയായി ഇത്. ഏക്കറിനു 15 ക്വിന്റൽ നെല്ലു കിട്ടുമെന്നു സാബു ജോസഫ് പറഞ്ഞു. സാധാരണ ഏക്കറിനു 25 ക്വിന്റൽ നെല്ലാണ് ലഭിക്കാറുള്ളത്.