Wed. Jan 8th, 2025
പോത്തൻകോട്:

നോക്കുകൂലി വാങ്ങരുതെന്ന് സർക്കാരും പൊലിസും ആവർത്തിച്ചു പറഞ്ഞതിനു പുല്ലുവില നൽകി വീണ്ടും അക്രമവും ഗുണ്ടായിസവും. നന്നാട്ടുകാവ് കടുവാക്കുഴിയിൽ ചുമട്ടു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് കരാറുകാരനെയും മൂന്നു തൊഴിലാളികളെയും മർദ്ദിക്കുകയും മൊബൈൽ ഫോൺ തറയിലെറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ‌

മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലിസ് കേസെടുത്തു. രണ്ടു തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സംഭവം വിവാദമായതോടെ വൈകിട്ട് മൂന്നു പേർ സ്റ്റേഷനിൽ കീഴടങ്ങി. കൂടുതൽ പേരെ പിടികൂടാനുണ്ടെന്നു പോത്തൻകോട് സിഐ ശ്യാം പറഞ്ഞു.

പരുക്കേറ്റ കരാറുകാരൻ പോത്തൻകോട് വാവറയമ്പലം സ്വദേശി മണികണ്ഠൻ (46), പ്ലാമൂട് സ്വദേശി അരുൺകൃഷ്ണ (25) എന്നിവർ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. ഐഎൻടിയുസി തൊഴിലാളികളായ വേണുഗോപാലൻനായർ , തുളസീധരൻ നായർ എന്നിവരാണ് പോത്തൻകോട് പൊലിസിന്റെ കസ്റ്റഡിയിലുള്ളത്.

സി ഐ ടി യു അംഗങ്ങളായ കടുവാക്കുഴി നന്ദനത്തിൽ ജയകുമാർ (50) , താന്നി വിള പുത്തൻവീട്ടിൽ അനിൽ കുമാർ (47 ) , എ ഐ ടി യു സിയിലുള്ള വിളയിൽ പുത്തൻവീട്ടിൽ വിജയകുമാർ (54) എന്നിവരാണ് കീഴടങ്ങിയത്. ചെങ്ങന്നൂർ സ്വദേശി അശോകൻ പോറ്റി വീടു നിർമാണം നടത്തുന്നിടത്താണ് സംഘർഷം നടന്നത്.

വിവിധ യൂണിയനുകളിൽപ്പെട്ട 15 ഓളം പേരാണ് സ്ഥലത്തെത്തിയത്. ഇവർ 10, 000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. മുൻപ് മതിൽ നിർമിക്കാനിറക്കിയ പലകകൾ വീടു നിർമാണത്തിന് ഉപയോഗിക്കവേയാണ് തൊഴിലാളികൾ എത്തിയതും വാക്കുതർക്കം ഉണ്ടായതും.

വന്ന ചുമട്ടു തൊഴിലാളികളിൽ 5 പേരാണ് അസഭ്യം പറഞ്ഞു കൊണ്ട് കരാറുകാരനെയും തൊഴിലാളികളെയും മർദിച്ചതായി പറയുന്നത്. ഐഎൻടിയുസി, സിഐടിയു, ബിഎംഎസ്, എഐടിയുസി യൂണിയനുകളിലെ ചുമട്ടു തൊഴിലാളികളാണ് എത്തിയത്.

കരാറുകാരൻ മണികണ്ഠനെ മർദിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയതിന് അരുൺ കൃഷ്ണയെ പലക കഷണം കൊണ്ട് തലയ്ക്കടിച്ചെങ്കിലും കൈകൊണ്ടു തടുത്തതിനാൽ കൂടുതൽ പരുക്കേറ്റില്ല ‘‘രണ്ടുമാസമായി പണി തുടങ്ങിയിട്ട്. ഇടയ്ക്ക് നിർത്തി വച്ചിരുന്ന പണി വീണ്ടും തുടങ്ങവെയാണ് ചുമട്ടു തൊഴിലാളികൾ എത്തിയത്. പണിസ്ഥലത്ത് നേരത്തേ വച്ചിരുന്ന പലകകൾ ഇപ്പോൾ കൊണ്ടു വന്നതാണെന്നും നോക്കു കൂലി തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അഞ്ചു പേർ അസഭ്യവർഷവുമായെത്തി മർദിച്ചു അക്രമം ഫോണിൽ പകർത്തിയ തൊഴിലാളിയെയും മർദിച്ചു. മറ്റു രണ്ടു തൊഴിലാളികൾക്കു കൂടി മർദനമേറ്റു ’’ കരാറുകാരൻ മണികണ്ഠൻ പറഞ്ഞു. ‘ പൊലിസു വരട്ടെ എന്നിട്ടു മതി പണി’ എന്നു പറഞ്ഞു കൊണ്ടായിരുന്നു തുടക്കം.

TAGS: