തിരുവനന്തപുരം:
കണ്ടംചെയ്യാറായ ‘ആനവണ്ടികൾ’ വാടകയ്ക്കെടുത്ത് ലഘുഭക്ഷണശാലകളാക്കി മാറ്റുന്ന ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതി 40 സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ മിൽമ തീരുമാനിച്ചു. ഡിസംബറിനുള്ളിൽ ഇവ യാഥാർഥ്യമാകും.
പരീക്ഷണാർഥം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 10 സ്ഥലങ്ങളിലെ പ്രധാന കവലകളിൽ, കെഎസ്ആർടിസി ബസ് സ്റ്റേഷനോടു ചേർന്ന് പദ്ധതി നടപ്പാക്കിയത്. കോവിഡ് സാഹചര്യത്തിലും ഒരു ബസിൽ നിന്നു പ്രതിമാസം 1 ലക്ഷം രൂപ വരുമാനമുണ്ട്.
കണ്ടം ചെയ്യാറായ ലോ ഫ്ലോർ ബസ് ഉൾപ്പെടെയുള്ളവയാണ് കെഎസ്ആർടിസിയിൽ നിന്നു മിൽമ 10 വർഷത്തേക്ക് വാടകയ്ക്കെടുക്കുന്നത്. ഓരോ ബസിനും 20,000 രൂപ മാസ വാടക, രൂപമാറ്റം വരുത്താൻ 5 ലക്ഷം രൂപ, സെക്യൂരിറ്റി ഡിപ്പോസിറ്റായി 2 ലക്ഷം രൂപ എന്നിങ്ങനെയാണ് മിൽമയുടെ ചെലവ്.
എസിയുടെ തണുപ്പേറ്റ് ഒരേ സമയം 8 പേർക്ക് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. മിൽമയുടെ 32 ഉൽപന്നങ്ങളും ഇവിടെ നിന്നു വാങ്ങാം. രാവിലെ 6 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.