Wed. Nov 6th, 2024
കാസർകോട്:

ജനറൽ ആശുപത്രിയിൽ ദന്ത ചികിത്സ നടത്താൻ ആവശ്യമായ ഡോക്ടർമാരില്ല. കഴിഞ്ഞ 2 മാസമായി ഒരു വനിതാ ഡോക്ടറുടെ സേവനം മാത്രം ആണ് ഇവിടെ കിട്ടുന്നത്. എംഡിഎസ്, ബിഡിഎസ് യോഗ്യതയുള്ള 2 ഡോക്ടർമാരുടെ ഒഴിവുണ്ടെങ്കിലും 2 മാസമായിട്ടും ഇതിൽ നിയമനം നടന്നിട്ടില്ല.

പല്ല് പരിശോധന, പല്ല് എടുക്കൽ, പല്ലു വയ്പ്, പോത് അടയ്ക്കൽ, റൂട്ട് കനാൽ ചികിത്സ തുടങ്ങിയവയെല്ലാം ചെയ്യാൻ ഇപ്പോൾ ഒരേയൊരു ഡോക്ടർ മാത്രം ആണ് ഉള്ളത്. ദിവസവും അൻപതോളം പേർ ക്യൂവിലാണ് ഡോക്ടറെ കാണാൻ.പല്ല് വൃത്തിയാക്കൽ, പല്ല് എടുക്കൽ, വയ്ക്കൽ, പോത് അടയ്ക്കൽ, റൂട്ട് കനാൽ തുടങ്ങിയവയ്ക്കെത്തുന്ന രോഗികൾ പല ദിവസങ്ങളിലായി ഇതിനു എത്തണം.

രാവിലെ 10നു തുടങ്ങി 12.30 വരെയുള്ള പരമാവധി രണ്ടര മണിക്കൂർ സമയമാണു രോഗികൾക്കു കിട്ടുന്നത്. ഇതിനിടയിൽ ഒന്നോ രണ്ടോ പേർക്കു മാത്രമാണ് റൂട്ട് കനാൽ ചികിത്സ ലഭിക്കുക.മോണ വീക്കം, നീർക്കെട്ട് എന്നിവ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മൂന്നാമത്തെ അണപ്പല്ല് നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ആവശ്യമായ വിദഗ്ധർ ഇവിടെയില്ല.

വിദഗ്ധ ശസ്ത്രക്രിയ വേണ്ടവരെ പുറത്തേക്കു തന്നെ മടക്കുകയാണു പലപ്പോഴും. സ്വകാര്യ ക്ലിനിക്കുകളിലേക്കാണ് ഇവർ‌ പോകുന്നത്.ദന്ത സംരക്ഷണത്തിനും പരിചരണത്തിനും ആവശ്യമുള്ള ആധുനിക സാമഗ്രികൾ ലഭ്യമാക്കിയാലും വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടി ഇതിനൊപ്പം ഉണ്ടാകണമെന്നാണ് ആവശ്യം. സർക്കാർ ആശുപത്രിയിൽ ദന്തചികിത്സയ്ക്ക് എത്തുന്ന രോഗികളെ സ്വകാര്യ ക്ലിനിക്കുകളിലേക്കു മടക്കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും ഇതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും രോഗികളും ആവശ്യപ്പെടുന്നു.