Sat. Jan 18th, 2025

ചേർത്തല:

ചരിത്രാന്വേഷികൾക്ക്‌ നേർക്കാഴ്‌ചയൊരുക്കാൻ പടക്കപ്പൽ ദിവസങ്ങൾക്കകം ആലപ്പുഴയിലെത്തും. സംസ്ഥാന സർക്കാർ ഒരുക്കുന്ന ആലപ്പുഴ പോർട്‌ മ്യൂസിയത്തിലേക്കാണ്‌ ഇന്ത്യൻ നാവികസേന ഡീകമീഷൻ ചെയ്‌ത ഫാസ്‌റ്റ്‌ അറ്റാക്ക് ഇൻഫാക്‌ട്‌ -81 കപ്പൽ എത്തുക. മന്ത്രിയായിരിക്കെ ടി എം തോമസ്‌ ഐസക്‌ നാവികസേന അധികൃതരുമായി നടത്തിയ ചർച്ചയിലാണ്‌ കപ്പൽ മ്യൂസിയത്തിന്‌ നൽകാൻ തീരുമാനമായത്‌‌.

കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന്‌ വേമ്പനാട്‌ കായലിലൂടെ പ്രത്യേക ടഗ്‌ ബോട്ടിൽ കെട്ടിവലിച്ചാണ്‌ തണ്ണീർമുക്കത്ത്‌ എത്തിച്ചത്. ഇവിടെനിന്ന്‌ പ്രത്യേക വാഹനത്തിൽ‌ റോഡുമാർഗം ആലപ്പുഴയിലേക്ക്‌ കൊണ്ടുപോകും‌. എറണാകുളത്തുനിന്ന്‌ 300 ടൺ ശേഷിയുള്ള ക്രെയിൻ ഉപയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്.

എൻജിനില്ലാത്ത കപ്പലിന്‌ 20 മീറ്റർ നീളവും 80 ടൺ ഭാരവുമുണ്ട്‌‌. 1999 ജൂണിലാണ് കപ്പൽ കമീഷൻചെയ്‌തത്‌. 2021 ജനുവരിയിൽ ഡീകമീഷൻചെയ്‌തു. തണ്ണീർമുക്കത്ത്‌ എത്തിച്ച 96 ചക്രങ്ങളും 12 ആക്‌സിൽ സംവിധാനവുമുള്ള വാഹനത്തിലേക്ക്‌ കപ്പൽ കയറ്റി.

വാഹനം വലിക്കാൻ പ്രത്യേക പുള്ളറും എത്തിക്കും. ക്രെയിൻ സഹായത്തോടെയാണ്‌‌ കപ്പൽ വാഹനത്തിൽ വച്ചത്. കപ്പലിന്‌ ക്ഷതമേൽക്കാതിരിക്കാൻ വാഹനത്തിൽ ഇനിയും ക്രമീകരണം ആവശ്യമാണ്‌.

വെൽഡിങ്‌ ജോലികൾ പൂർത്തിയശേഷം ക്രെയിൻ നീക്കും.തണ്ണീർമുക്കത്തുനിന്ന്‌ ദേശീയപാതയിലേക്ക് എത്തിക്കുകയാണ് പ്രധാന വെല്ലുവിളി. വൈദ്യുതി ലൈനുകൾ ഓഫ്ചെയ്‌ത ശേഷമാകും യാത്ര. മരങ്ങൾ വെട്ടിനീക്കണം.

ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തണം. ആലപ്പുഴയിലെത്താൻ നാല്‌ ദിവസമാണ് പ്രതീക്ഷിക്കുന്നത്. അഗ്നിരക്ഷാസേന, പൊലീസ്, കെഎസ്ഇബി സഹായത്തോടെയാകും യാത്ര. ദിവസം ആറ്‌ കിലോമീറ്റർ സഞ്ചരിക്കുകയാണ്‌ ലക്ഷ്യം.

എറണാകുളത്തുനിന്നുള്ള വിദഗ്‌ധർ ബുധനാഴ്‌ച രാത്രിതന്നെ വാഹനത്തിൽ ക്രമീകരണം ഒരുക്കിത്തുടങ്ങി. വ്യാഴാഴ്‌ച പൂർത്തിയാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ട്രാൻസ്‌പോർട്ടിങ് കോ-ഓർഡിനേറ്റർ എസ് രാജേശ്വരി പറഞ്ഞു.