ചിറ്റാർ:
തമിഴ്നാടും കേരളവും തമ്മിലുള്ള ക്രയവിക്രയങ്ങൾക്കും ടൂറിസം വികസനത്തിനും തീർഥാടനത്തിനും സഹായകരമാവുന്ന അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവേ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടിയായി. നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎയുടെ അഭ്യർഥന പ്രകാരം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ മുടക്കിയാണ് റോഡ് പുനർനിർമിക്കുന്നത്.
വനത്തിൽ കൂടി കടന്നു പോകുന്ന അച്ചൻകോവിൽ-കല്ലേലി, തണ്ണിത്തോട്-ചിറ്റാർ ഭാഗങ്ങളിലാണ് വനം വകുപ്പ് അനുമതിയോടെ നിർമാണം നടത്തേണ്ടത്. എല്ലാ അനുമതികളും വേഗത്തിൽ ലഭ്യമാക്കുമെന്ന് വനം മന്ത്രി പറഞ്ഞു.
10 മുതൽ 12 മീറ്റർ വരെ വീതിയിലാണ് നിർമിക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. സംസ്ഥാന റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) ചുമതലയിലാണ് നിർമാണം നടത്തുന്നത്.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നറോഡിന് നാല് റീച്ചാണുള്ളത്. മലയോര മേഖലയുടെയും ശബരിമല തീര്‍ഥാടകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.
കോന്നി മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ആരംഭിച്ചതോടെ കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് എത്തുന്നവര്‍ ഉപയോഗിക്കുന്ന പ്രധാനപാതയാകും. ഐരവണ്‍ പാലം പൂർത്തിയാകുന്നുതോടെ കൂടുതൽ വേഗത്തില്‍ മെഡിക്കല്‍ കോളജില്‍ എത്താന്‍ കഴിയും.