Mon. Dec 23rd, 2024
കോഴിക്കോട്‌:

“ഒന്നര മണിക്കൂർ നേരം പോയതറിഞ്ഞില്ല. ആത്മവിശ്വാസം കൈവന്നപോലെ, ഒപ്പം പല ആശങ്കകൾക്കും വിരാമവും’– കാവിലുംപാറ ഗവ ഹൈസ്കൂൾ ഒമ്പതാംക്ലാസ്‌ വിദ്യാർത്ഥിനി നിവേദിതയുടെ വാക്കുകൾ. ഓൺലൈൻ ഗെയിമിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു ഒരു 14 വയസ്സുകാരന്റെ സംശയം. ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന സങ്കടവുമായി പതിമൂന്നുകാരിയുമെത്തി ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ‘ഉജ്വല കൗമാരം’ ക്ലാസിലേക്ക്‌.

കൗമാര മനസ്സിനെ തൊട്ടറിഞ്ഞ്‌, അവരനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിച്ചും പുതുവഴി പകർന്നും മുന്നേറുകയാണ്‌ ഇത്തരം ക്ലാസുകൾ. ഇംഹാൻസിന്റെ പിന്തുണയോടെ ഹൈസ്‌കൂൾ – ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ്‌ ക്ലാസുകൾ.കൗമാരക്കാരായ കുട്ടികൾ നേരിടുന്ന ഏഴ്‌ സവിശേഷ പ്രശ്‌നങ്ങൾ ഓൺലൈൻ സ്ലൈഡുകളായി ആദ്യം കുട്ടികൾക്കു മുന്നിലെത്തും.

അവ തങ്ങളെ എങ്ങനെ ബാധിക്കും എന്ന്‌ മനസ്സിലാക്കി വിദ്യാർത്ഥികൾ സ്വയം ഗ്രേഡുകൾ നൽകണം. ഇത്‌ അടിസ്ഥാനമാക്കിയാണ്‌ ക്ലാസുകൾ.രക്ഷിതാക്കളുമായുള്ള മാനസിക അകൽച്ച, പഠനസമ്മർദം, ഒറ്റപ്പെടൽ, മൊബൈലിനും ഗെയ്‌മിനും അടിമയാകൽ, ചതിക്കുഴിയിൽ വീഴൽ, ചിട്ടയില്ലായ്‌മ തുടങ്ങിയ കൗമാരക്കാലത്തെ ബുദ്ധിമുട്ടുകളെല്ലാം വിഷയമാകുന്നുണ്ട്‌.കാൽ ലക്ഷം വിദ്യാർത്ഥികളിലേക്ക്‌ ക്ലാസുകൾ എത്തുന്നതുവരെ ‘ഉജ്വല കൗമാരം’ തുടരുമെന്ന്‌ ജില്ലാ സെക്രട്ടറി ശശിധരൻ മണിയൂർ പറഞ്ഞു.

മനഃശാസ്‌ത്ര വൈദഗ്‌ധ്യം നേടിയ അധ്യാപകരാണ്‌ ക്ലാസുകൾ നയിക്കുന്നത്‌. ഡി ദീപ (വടകര ഗവ ഹയർ സെക്കൻഡറി), പി കെ സവിത (മടപ്പള്ളി ജിജിഎച്ച്എസ്എസ്‌), എസ് ഗീത നായർ (നടക്കാവ് ഗവ ഗേൾസ്‌ ഹയർ സെക്കൻഡറി), അസി പ്രൊഫസർ സി എസ് സീതാലക്ഷ്മി (കോഴിക്കോട് ഗവ എൻജിനിയറിങ്‌ കോളേജ്), കെ കെ അലിഹസൻ (പോളിടെക്നിക്), കെ ശാന്ത (തിരുവങ്ങൂർ ഹയർ സെക്കൻഡറി), കൗൺസലർമാരായ സി എച്ച് ശശികല, കെ അമർജ്യോതി തുടങ്ങിയവരാണ്‌ നേതൃത്വം.