Wed. Jan 22nd, 2025

ചാവക്കാട്:

കലക്ടറുടെയും എംഎൽഎമാരുടേയും നിർദേശങ്ങൾ അം​ഗീകരിച്ചു. ചേറ്റുവ ഹർബറിലെ  ഉപരോധം  താൽക്കാലികമായി പിൻവലിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ആരംഭിച്ച   ഉപരോധമാണ് ചൊവ്വാഴ്ച പകൽ രണ്ടരയോടെ അവസാനിപ്പിച്ചത്.

മറ്റു വള്ളങ്ങൾക്കും ഹാർബറിലെത്തി മീൻ വിൽക്കാമെന്നും അത്തരം വള്ളങ്ങളിൽ  ഒരുകാരിയർ മാത്രമേ  പാടുള്ളൂവെന്നുമുള്ള നിബന്ധനയിലാണ്‌ സമരം ഒത്തുതീർപ്പായത്.  ഇതിനിടെ യാനങ്ങൾ പിടിച്ച മുപ്പത് ലക്ഷത്തോളം രൂപയുടെ മീൻ ഉപയോ​ഗശൂന്യമായി. ഹാർബറിൽ കെട്ടിയിട്ട വള്ളങ്ങൾ അഴിച്ചുമാറ്റണമെന്നും മറ്റിടങ്ങളിലെ യാനങ്ങൾക്കും ഹാർബറിൽ  മീൻ ഇറക്കാമെന്നും കലക്ടറുടെ യോ​ഗത്തിൽ തീരുമാനിച്ചിരുന്നു.  എന്നാൽ സമരക്കാർ  പിൻവാങ്ങിയില്ല.

ഇതിനിടെ ഹാർബറിൽ മീൻ ലേലത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് തരകൻസ് അസോസിയേഷൻ രം​ഗത്തെത്തിയത്  പ്രതിസന്ധിക്കിടയാക്കി. ഇരുകൂട്ടരുടേയും നിർദേശങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിന് ഓരാഴ്ചക്കകം യോ​ഗം ചേരാമെന്ന കലക്ടറുടെ നിർദേശം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി മാജ ജോസും കോസ്റ്റൽ പൊലീസ് ഡെപ്യൂട്ടി സുപ്രണ്ട് എൻ എസ് സലീഷും അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. നിരവധി ബോട്ടുകളും ചെറുവള്ളങ്ങളുമാണ്  സമരമറിയാതെ ഹാർബറിലേക്കെത്തിയത്.

അവർക്ക്‌ മീൻ ഇറക്കാനായില്ല. തിങ്കളാഴ്ച രാവിലെ തന്നെ  എംഎൽഎമാരായ  എൻ കെ അക്ബർ,സി സി മുകുന്ദൻ എന്നിവർ ഇടപെട്ട്‌ ഫിഷറീസ് ഡിഡി യും തഹസിൽ​ദാറും പഞ്ചായത്ത് പ്രസിഡന്റും   ചർച്ച നടത്തിയെങ്കിലും ഉപരോധം  പിൻവലിച്ചില്ല.  കോവിഡ് കാലത്ത് മറ്റുപ്രദേശങ്ങളിൽനിന്നും വള്ളങ്ങൾ വരുന്നത് നിയന്ത്രിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷവും മറ്റു മേഖലകളിലെ  ബോട്ടുകൾ വരുന്നത് അം​ഗീകരിക്കാനാകില്ലെന്ന വാദം ഉയർത്തിയായിരുന്നു  ഉപരോധം. മറ്റു ഹാർബറുകളിൽ നിയന്ത്രണങ്ങളുണ്ടെന്നായിരുന്നു സമരക്കാരുടെ വാദം.  യാതൊരു നിയന്ത്രണങ്ങളും നിലനിൽക്കുന്നില്ലെന്നും അത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ നടപടിയെടുക്കുമെന്നും ഡിഡി യും കോസ്റ്റൽ ഡിവൈഎസ്‌പിയും അറിയിച്ചു.

ഹാർബറിൽ മറ്റിടങ്ങളിൽനിന്നും വരുന്നവർക്ക് മീൻ ലേലം കൊള്ളാൻ അവസരം നൽകണമെന്ന നിർദേശം സമരക്കാരും മുന്നോട്ടുവച്ചു. വിശദമായി യോ​ഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കാമെന്ന കലക്ടറുടേയും എംഎൽഎമാരുടേയും നിർദേശം അംഗീകരിച്ചു.

ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി മാജ ജോസ്,കോസ്റ്റൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ എസ് സലീഷ്,സ്റ്റേഷൻ ഓഫീസർ സി ബിനു,  ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ,ചാവക്കാട് തഹസിൽദാർ എം സന്ദീപ് ,സിപിഐ എം നാട്ടികഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു,പി കെ രാജേശ്വരൻ, തരകൻസ് അസോസിയേഷൻ പ്രസിഡന്റ് യു കെ പീതാംബരൻ,സെക്രട്ടറി എ കെ പവിത്രൻ, പി ആർ നാരായണൻ,വി കെ സുന്ദരൻ,കെ കെ രാജു,വി സി മുരളി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.