Mon. Dec 23rd, 2024
തിരുവനന്തപുരം:

“ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. ’ ഓൺലൈൻ ക്ലാസ്‌ മടുത്ത്‌ കരഞ്ഞ യുകെജിക്കാരിയ്ക്ക്‌ മന്ത്രിയപ്പൂപ്പന്റെ സർപ്രൈസ്‌. വയനാട്ടിലെ മരിയനാട് സ്കൂൾ വിദ്യാർഥിനി സൻഹ ഫാത്തിമയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീഡിയോ കോൾ ചെയ്‌തു.

സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു അവളുടെ ആദ്യത്തെ ആവശ്യം. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ലെന്നും ടീച്ചർമാരെ നേരിൽ കാണാനാകുന്നില്ലെന്നും പരിഭവക്കെട്ടഴിച്ചു. അതിനിടെയാണ്‌ മന്ത്രിയെ സാർ എന്നു വിളിച്ചത്‌.

സാറല്ല പൊതു വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനാണെന്ന്‌ അദ്ദേഹം തിരുത്തി. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം പറഞ്ഞതോടെ സന്തോഷത്തിലായി സൻഹ ഫാത്തിമ. വയനാട്ടിൽ വരുമ്പോൾ അപ്പൂപ്പൻ കാണാൻ വരണമെന്നായിരുന്നു അവളുടെ അടുത്ത ആവശ്യം.

ഇതും മന്ത്രി അംഗീകരിച്ചു. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന സൻഹ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മന്ത്രി വി ശിവൻകുട്ടി തന്നെ ഇത്‌ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.