മലപ്പുറം:
നഗരത്തിലെ പ്രധാന വികസന പദ്ധതിയായ കോട്ടപ്പടി മേൽപാലത്തിൻറെ നിർമാണവും അനന്തമായി നീളുകയാണ്. കേന്ദ്രത്തിൻറെ നിരാക്ഷേപ പത്രം (എൻ ഒ സി) വൈകുന്നതാണ് പദ്ധതിക്ക് വിലങ്ങുതടിയായിരിക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനാണ് എൻ ഒ സിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
പദ്ധതിക്ക് 2017 ഒക്ടോബർ ഏഴിനാണ് സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയത്. 89.92 കോടിയാണ് പാലം നിർമാണത്തിനായി സർക്കാർ അനുവദിച്ചത്. കോട്ടപ്പടി ടൗണിൻറെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മേല്‍പാലം വിഭാവനം ചെയ്തിരിക്കുന്നത്. മലപ്പുറം പൊലീസ് സ്റ്റേഷന് സമീപത്തു തുടങ്ങി കിഴക്കേത്തലയിലെ ചെത്തുപാലം വരെയാണ് മേല്‍പാലം വിഭാവനം ചെയ്തിരുന്നത്.
2017-18 വര്‍ഷത്തെ സംസ്ഥാന ബജറ്റിലായിരുന്നു ആദ്യമായി മലപ്പുറം മേല്‍പാല പ്രഖ്യാപനം. 2019 ജനുവരിയിലെ പരിശോധന പ്രകാരം കോട്ടപ്പടി- തിരൂര്‍ റോഡിലേക്ക് അനുബന്ധ പാലവും കൂട്ടിച്ചേര്‍ത്ത് കെ എസ് ആർ ബി ഡി സി കിഫ്ബിക്ക് എസ്റ്റിമേറ്റ് നല്കി. ഇതിൻറെ അടിസ്ഥാനത്തിലാണ് തുക 89.92 കോടിയായി പുതുക്കി അനുവദിച്ചത്. ഒമ്പത് മീറ്റര്‍ വീതിയിലാണ് പാലം നിർമാണം.
ചെറുകരയിലും മേൽപാലം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പാലങ്ങൾ നിർമിക്കുന്നതിൻറെ ഭാഗമായി കേന്ദ്ര സർക്കാറുമായും റെയിൽവേയുമായും ധാരണപത്രം ഒപ്പിടാൻ കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷനെ സംസ്ഥാന മന്ത്രിസഭ 2019ൽ ചുമതലപ്പെടുത്തിയിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കാനായിരുന്നു ലക്ഷ്യം.
അതിനുശേഷവും വിഷയത്തിൽ ചർച്ചകൾ ഉയർന്നുവെങ്കിലും മേൽപാലം ഇപ്പോഴും യാഥാർഥ്യമായില്ല. 2018 ആദ്യം സാധ്യത പഠനവും ശേഷം നവംബറിൽ മണ്ണുപരിശോധനയും നടത്തിയിരുന്നു.