പാമ്പാടി:
മൊബൈൽ ഫോൺ റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ അതിഥി തൊഴിലാളികൾ കടന്നു കളയുന്ന സംഭവങ്ങൾ പതിവാകുന്നതായി പരാതി. ജില്ലയുടെ വിവിധയിടങ്ങളിൽ ഇത്തരം പരാതികൾ ഉണ്ടാകുന്നതായി മൊബൈൽ ആൻഡ് റീചാർജിങ് റീട്ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഓൺലൈൻ ഗെയിമുകളിലും മറ്റും പണം നഷ്ടപ്പെടുന്നവരാണ് ഇത്തരത്തിൽ കബളിപ്പിക്കൽ നടത്തുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം കുമരകം മാതാ മൊബൈൽ ഷോപ്പിലും സമാന തട്ടിപ്പ് നടന്നു. കടയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി ഫോൺ 4000 രൂപയ്ക്കു റീചാർജ് ചെയ്യണം എന്നാവശ്യപ്പെട്ടു.
ഒരുമിച്ചു ചെയ്യുവാൻ കഴിയില്ല എന്ന് അറിയിച്ചപ്പോൾ 1000 രൂപ വീതം റീ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു. ചെയ്തു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ഇയാൾ ഓടിപ്പോകുന്നതാണു കണ്ടത്. റീചാർജ് ചെയ്യാൻ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്.
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമാനരീതിയിലുള്ള തട്ടിപ്പുകൾ പല മൊബൈൽ ഷോപ്പുകളിലും നടന്നിട്ടുണ്ട്.
റീ ചാർജ് ചെയ്ത ശേഷം ഗൂഗിൾ പേ വഴി പണം നൽകാമെന്നു പറയുകയും ഗൂഗിൾ പേ ശരിയായില്ല വീട്ടിൽ നിന്നു പണം കൊണ്ടു വരാമെന്നു പറഞ്ഞു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇവരുടെ നമ്പറിൽ സ്ഥിരമായി വിളിച്ചു ശല്യപ്പെടുത്തിയും മറ്റുമാണു തുക വാങ്ങി എടുക്കുന്നത്.
ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട വിദ്യാർഥി കടയിൽ എത്തി 1000 രൂപ റീ ചാർജ് ചെയ്ത ശേഷം ഓടിപ്പോയ സംഭവവും കോട്ടയത്തു നടന്നു. പൊലീസ് ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. 1000 രൂപയ്ക്ക് 4 ശതമാനം മാത്രം കമ്മിഷൻ ആയി ലഭിക്കുന്ന വ്യാപാരികൾ തട്ടിപ്പു കൂടി നടക്കുന്നതോടെ കൂടുതൽ ബുദ്ധിമുട്ടിലാകുന്ന സാഹചര്യമാണ്.