Mon. Dec 23rd, 2024
വടകര:

നഗരത്തിൽ വൻ തീപിടിത്തം. പുതിയ ബസ് സ്റ്റാൻഡിന് സമീപം എടോടി റോഡിലെ പാദകേന്ദ്ര എന്ന ചെരിപ്പു കടയ്ക്കാണ് തീപിടിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവം. ആളപായമില്ല.

അഗ്‌നിരക്ഷാസേനയുടെ 6 യൂണിറ്റ് എത്തി രണ്ടു മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. മൂന്നാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരിച്ച കട ഉദ്ഘാടനത്തിന് തയാറെടുക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്.

പുക ഉയരുന്നത് കണ്ട് സമീപത്തെ കടകളിലുള്ളവർ വിവരം അറിയിക്കുകയായിരുന്നു. ആ സമയം രണ്ട് ജോലിക്കാർ ഉൾപ്പെടെ 3 പേർ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. കടയിൽ ചെരിപ്പുകളും ബാഗുകളുമാണ് ഉണ്ടായിരുന്നത്.

മുകളിലത്തെ നിലയിൽ സൂക്ഷിച്ചവയിലാണ് തീ പടർന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൂടുതൽ സാധനങ്ങൾ കടയിൽ എത്തിച്ചിരുന്നു. അവയെല്ലാം നശിച്ചു. അഗ്‌നിരക്ഷാസേനയുടെ 3 യൂണിറ്റ് ആണ് ആദ്യം എത്തിയത്.

തുടർന്ന് കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് വീതം എത്തി കഠിന പരിശ്രമം നടത്തിയാണ് തീ അണച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുകൊണ്ടു.

പ്ലാസ്റ്റിക്കും ലെതർ സാധനങ്ങളുമായതിനാൽ തീ കെടാതെ പടർന്നു കൊണ്ടിരുന്നത് വെല്ലുവിളിയായി. സമീപത്ത് സഹകരണ ബാങ്ക് ശാഖയും ഹോട്ടലും പ്രവർത്തിച്ചിരുന്നു. രാത്രി എട്ടരയോടെയാണ് തീ പൂർണമായും നിയന്ത്രിച്ചത്.

പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയായതിനാൽ വിവരം അറിഞ്ഞ് വൻ ജനാവലി സ്ഥലത്തെത്തി. അവരെ നിയന്ത്രിക്കാൻ പൊലീസ് വളരെയധികം പണിപ്പെട്ടു. അപകടം ഒഴിവാക്കുന്നതിനായി എടോടി റോഡിൽ ഗതാഗതം നിരോധിക്കുകയും സമീപത്തെ കടകളിലെ വൈദ്യുതി വിഛേദിക്കുകയും ചെയ്തു.

സ്റ്റേഷൻ ഓഫിസർ കെ അരുൺ, ലീഡിങ് ഫയർമാന്മാരായ പി വിജിത്ത്കുമാർ, കെ സുജാതൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.പൊലീസ് ഇൻസ്പെക്ടർ കെ കെ ബിജു, എസ്ഐ എം നിജീഷ് എന്നിവരും റവന്യു അധികൃതരും സ്ഥലത്തെത്തി. കെ കെ രമ എംഎൽഎ, നഗരസഭ അധ്യക്ഷ കെ പി ബിന്ദു, ഉപാധ്യക്ഷൻ പി കെ സതീശൻ, മർച്ചന്റ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് എം അബ്ദുൽ സലാം, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി.