പത്തനംതിട്ട:
ശബരിമല വിമാനത്താവള പദ്ധതിയുടെ കൺസൾട്ടൻസിയായ അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കിയത് സ്ഥലം സന്ദർശിക്കാതെ. റിപ്പോർട്ട് സമഗ്രമല്ല എന്ന കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിൻ്റെ റിപ്പോർട്ട് വന്നതോടെ സാങ്കേതിക-സാമ്പത്തിക സാധ്യത പഠന റിപ്പോർട്ടിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയാണ്.
2018 അവസാനത്തോടെയാണ് സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചത്. അന്ന് വിമാനത്താവള പദ്ധതി നടപ്പാക്കുന്നത് ചെറുവള്ളി എസ്റ്റേറ്റിലാണെന്ന് സർക്കാർ തീരുമാനിച്ചിരുന്നില്ല. കൺസൾട്ടൻസി റിപ്പോർട്ട് തയാറാക്കിയത് സ്ഥലം സന്ദർശിക്കാതെയാണെന്ന് 2020 ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ശബരിമല വിമാനത്താവള പദ്ധതി സ്പെഷൽ ഓഫിസർ തുളസീദാസ് അറിയിച്ചിരുന്നു.
സാധ്യതാ പഠന റിപ്പോർട്ടിൽ ആരും ഒപ്പുവെച്ചിട്ടില്ല. ഇത് റിപ്പോർട്ടിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കുന്നു. 20263 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റിൽ പദ്ധതിക്കുള്ള സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കാൻ 4.6 കോടി രൂപയാണ് ലൂയിസ് ബർഗർ കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയത്.
ഇത്രയും തുക നൽകിയത് വിവാദമായിരുന്നു. മറ്റ് പല വിമാനത്താവളങ്ങൾക്കും വേണ്ടി തയാറാക്കിയതിൻ്റെ പകർപ്പ് ഇവിടെയും നൽകിയതാണെന്നും ആരോപണമുണ്ട്. ലൂയിസ് ബർഗറിനെതിരെ നേരത്തേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഗോവയിൽ ജപ്പാൻ ഇൻറർ നാഷനൽ കോ ഓപറേഷൻ ഏജൻസി (ജൈക) ധനസഹായം നൽകിയ 1031 കോടിയുടെ ജല, മലിന ജല പ്ലാൻറിെൻറ കരാർ ലഭിക്കാൻ ലൂയിസ് ബർഗർ ആറുകോടി രൂപ കോഴ നൽകിയെന്ന് കേസുണ്ട്. ഇതിൽ ലൂയിസ് ബർഗറിൻ്റെ മുൻ മേധാവി സത്യകം മൊഹന്തി അറസ്റ്റിലായിരുന്നു. ഗുവാഹത്തിയിലെ മൂന്നു ജലവിതരണ പദ്ധതികളുടെ 1,452 കോടി രൂപയുടെ കരാർ ലഭിക്കാൻ ആറുകോടി ഡോളർ കോഴ നൽകിയെന്ന കേസ് സി ബി ഐ അന്വേഷിച്ചുവരികയാണ്.