Fri. Nov 22nd, 2024
നെടുങ്കണ്ടം:

വാടക കൊടുത്ത കാശുണ്ടായിരുന്നെങ്കിൽ സ്വന്തം കെട്ടിടമായെനെ! ഉടുമ്പൻചോലയിൽ പ്രവർത്തിക്കുന്ന തേവാരംമെട്ട് ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിനാണു കാൽ നൂറ്റാണ്ടായിട്ടു കെട്ടിടം ഇല്ലാത്തത്. സ്വന്തമായി വാഹനവും സെക്‌ഷൻ ഓഫിസിനില്ല.

ബസിലും ഓട്ടോറിക്ഷയിലുമാണു അടിയന്തര സാഹചര്യങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ഗുരുതര കേസ് റിപ്പോർട്ട് ചെയ്താൽ മാത്രമേ മറ്റ് ഓഫിസിലെ വാഹനം എത്തൂ. കഴിഞ്ഞ 2 മാസത്തിനിടെ തേവാരംമെട്ട് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസ് പരിധിയിൽ 15 ഏക്കർ സ്ഥലമാണു കാട്ടാനക്കൂട്ടം തകർത്തത്. 15 ദിവസത്തോളം ഏലത്തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിച്ചു.

ജീവൻ പണയംവച്ചാണു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസ് ജീവനക്കാരും നാട്ടുകാരും റാപ്പിഡ് റെസ്പോൺസ് ടീമും ചേർന്നു കാട്ടാനക്കൂട്ടത്തെ തുരത്തിയത്. 1995 മുതൽ വാടക കെട്ടിടത്തിലാണു സെക്‌ഷൻ ഓഫിസിന്റെ പ്രവർത്തനം.

1 ഫോറസ്റ്റർ, 3 വനംവകുപ്പ് ഉദ്യോഗസ്ഥർ, 1 വാച്ചർ എന്നിങ്ങനെയാണു ഓഫിസിലെ ജീവനക്കാരുടെ എണ്ണം. 2 വർഷം മുൻപ് ഉടുമ്പൻചോല പൊലീസ് സ്റ്റേഷനു സമീപത്തു വനംവകുപ്പിനു സ്വന്തം കെട്ടിടം നിർമിക്കാൻ ഒരു പ്രപ്പോസൽ സർക്കാരിനു മുന്നിലുണ്ട്.

സ്വന്തമായി വനംവകുപ്പിനു സ്ഥലമില്ലാത്തതാണു പ്രശ്നം. വനംവകുപ്പ് ഓഫിസുണ്ടെങ്കിലും സെക്‌ഷൻ ഓഫിസ് പരിധിയിൽ വനമില്ല. ഏലം കുത്തകപ്പാട്ട ഭൂമിയുടെ സംരക്ഷണത്തിനാണു വനംവകുപ്പ് ഓഫിസ് പ്രവർത്തിക്കുന്നത്.

സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ വരുന്നതു 95.5 സ്ക്വയർ കിലോമീറ്റർ സ്ഥലമാണ്. ഉടുമ്പൻചോല, പാറത്തോട്, ചതുരംഗപ്പാറ, കൊന്നത്തടി വില്ലേജുകൾ തേവാരംമെട്ട് സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ വരും.

ടൗണിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണു വനംവകുപ്പ് ഓഫിസ് പ്രവർത്തിക്കുന്നത്. ഒരു മുറി ഓഫിസ്, അടുക്കള, വിശ്രമമുറി എന്നിങ്ങനെയാണു ഓഫിസ് പ്രവർ‍ത്തനം.

വെള്ളം വരെ പുറത്തു നിന്നും വാങ്ങണം. ഈ സാഹചര്യത്തിൽ അടിയന്തരമായി വനംവകുപ്പ് ഓഫിസിനായി സ്ഥലം അനുവദിച്ച് ഓഫിസ് നിർമിച്ചു നൽകണമെന്നാണു ആവശ്യം. അതിർത്തിയോട് ചേർന്നു ഓഫിസ് പ്രവർത്തനം തുടങ്ങിയാൽ കാട്ടാന ശല്യം നിയന്ത്രണ വിധേയമാക്കാനും ഉദ്യോഗസ്ഥർക്കു കഴിയും.