പുളിക്കൽ:
പുളിക്കൽ ചെറുമുറ്റം മാക്കൽ കോളനി പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി, ക്രഷർ യൂനിറ്റുകൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനമെന്നാരോപിച്ചാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവയുടെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കലക്ടർ, തഹസിൽദാർ ഉൾപ്പെടയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ ഒമ്പത് ദിവസമായി പ്രദേശവാസികൾ ഇവിടേക്കുള്ള ലോറികളുൾപ്പെടെയുള്ള വാഹനങ്ങൾ തടയുകയാണ്.
തിങ്കളാഴ്ച പ്രതിഷേധിച്ച വീട്ടമ്മമാരുൾപ്പെടയുള്ള 12 പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
പ്രദേശത്തെ ചില ക്വാറികളുടെ പ്രവർത്തനത്തിന് സുരക്ഷ നൽകാൻ കോടതി ഉത്തരവുള്ളതിനാലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് കൊണ്ടോട്ടി എസ് ഐ പറഞ്ഞു. വനിത പൊലീസ് ഉൾപ്പെടയുള്ള പൊലീസ് സംഘമെത്തിയാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.