Sun. Dec 22nd, 2024

കഞ്ചിക്കോട്‌:

കഞ്ചിക്കോട് ഐഐടിക്കു സമീപം തിങ്കള്‍ പുലർച്ചെയോടെ പതിനേഴ്‌ കാട്ടാനകളെത്തി. വനം വകുപ്പ് ജീവനക്കാര്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. മൂന്നര മാസമായി കഞ്ചിക്കോട്‌ വനാതിർത്തിയിൽ നിലയുറപ്പിച്ച ആനക്കൂട്ടം തിങ്കളാഴ്‍ച പുലർച്ചെയോടെയാണ് ജനവാസ മേഖലയിലെത്തിയത്.

സ്ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും കൂട്ടത്തിലുണ്ടായിരുന്നു. അയ്യപ്പൻമലയിൽനിന്നെത്തിയ ആനക്കൂട്ടം ഐഐടി ക്യാമ്പസിന്റെ ചുറ്റുമതിൽ തകർത്താണ് നിർമാണത്തിലിരിക്കുന്ന നിള ക്യാമ്പസിലെത്തിയത്. ഐഐടി ക്യാമ്പസിലെ നിർമാണ ജോലിചെയ്യുന്ന  അതിഥിത്തൊഴിലാളികളുടെ താമസസ്ഥലം ആനക്കൂട്ടം നശിപ്പിച്ചു.

ആനയെ കണ്ട്‌ ഓടിരക്ഷപ്പെട്ട ബംഗാൾ സ്വദേശികളായ വീരകുമാർ(33), ധീരജ്‌(22), ജാർഖണ്ഡ് സ്വദേശി പൂനിയ ഭീം സാബ്‌(33)എന്നിവർക്ക്‌ നിസ്സാര പരിക്കേറ്റു. ലക്ഷങ്ങൾ വിലമതിക്കുന്ന നിർമാണസാമഗ്രികൾ നശിപ്പിച്ചു. തുടർന്ന്, ജനവാസ മേഖലയായ മുക്രോണി, തലപ്പള്ളം  പ്രദേശങ്ങളിൽ അക്രമാസക്തരായി ആനകള്‍ സഞ്ചരിച്ചു.

ഒന്നര മണിക്കൂർ പ്രദേശത്ത്‌ നിലയുറപ്പിച്ച ആനക്കൂട്ടത്തെ വാളയാർ റേഞ്ച്‌ ഓഫീസർ പി സുരേഷിന്റെ നേതൃത്വത്തിൽ പുതുശേരി സൗത്ത്‌ സെക്‌ഷനു കീഴിലെ ഇരുപതോളം വനപാലകര്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് കാടുകയറ്റിയത്‌. ആനയെ വിരട്ടിയോടിക്കുന്നതിനിടെ നാല് വനം വാച്ചർമാർക്കും പടക്കം പൊട്ടിക്കുന്നതിനിടയിൽ രണ്ട്‌ വനം ജീവനക്കാർക്കും നിസ്സാര പരിക്കേറ്റു. കൊയ്യാൻ പാകമായ നെൽപ്പാടങ്ങൾ ഏറെയുള്ള പ്രദേശത്ത് വീണ്ടും ആനയെത്താന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.