കരിപ്പൂർ:
മതിയായ സൗകര്യങ്ങളൊരുക്കി ചിറകുയർത്തി വലിയ വിമാനങ്ങളുടെ വരവിനായി കാത്തിരിക്കുകയാണു കരിപ്പൂർ. ഡിജിസിഎ നിര്‍ദേശപ്രകാരമുള്ള നടപടിക്കു കോഴിക്കോട് വിമാനത്താവളവും അനുബന്ധ സൗകര്യമൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തയാറായിക്കഴിഞ്ഞു. വൈകാതെ, വലിയ മാറ്റങ്ങള്‍ക്കാണു കോഴിക്കോട് വിമാനത്താവളം കാത്തിരിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാർക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകകൂടി ലക്ഷ്യമിട്ടുള്ള നിർമാണ ജോലികള്‍ക്കുള്ള രൂപരേഖയായി.നിലവിലുള്ള പ്രവൃത്തി വേഗം പൂർത്തിയാക്കാനും പുതിയ പദ്ധതികള്‍ വൈകാതെ നടപ്പാക്കാനുമാണു തീരുമാനം. വലിയ വിമാന സർവീസുകളോടനുബന്ധിച്ച് ഡിജിസിഎ നിർദേശിച്ച ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിമാനത്താവളം അധികൃതർ.
ഇതിനു പുറമേ, വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ചെറുതും വലുതുമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കാണു രൂപം നൽകിയിട്ടുള്ളത്.വ്യോമയാന ഗതാഗത നിയന്ത്രണത്തിനു ചുക്കാൻ പിടിക്കുന്ന എയർ ട്രാഫിക് കൺട്രോൾ (എടിസി) യൂണിറ്റിനു പുതിയ ടവർ നിർമിക്കും. അതിനായി 150 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാകും പുതിയ എടിസി ടവർ. 2 വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കാനും അഗ്നിരക്ഷാ സേനയ്ക്കു പുതിയ കാര്യാലയം പണിയാനും തീരുമാനമായിട്ടുണ്ട്. റൺവേ റീ കാർപെറ്റിങ്, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നവീകരിക്കൽ തുടങ്ങിയവയും പദ്ധതിയിലുണ്ട്.
റൺവേയുടെ ഇരുവശങ്ങളിലും റൺവേ പ്രതലത്തിനൊപ്പം മണ്ണിടുന്ന ജോലി നടക്കുന്നുണ്ട്. റൺവേയിലെ അപകടസാധ്യത തടയുന്നതിനാണിത്. ഡിജിസിഎ നിർദേശപ്രകാരം ജോലി തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യത്തിനു മണ്ണ് ലഭിക്കുന്നില്ലെന്നാണ് കരാർ ഏറ്റെടുത്തവരുടെ ആക്ഷേപം.
അതിനായി റവന്യു അധികൃതർ നടപടി വേഗത്തിലാക്കണമെന്നും ബന്ധപ്പെട്ടവർ ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.പരിസരവാസികൾ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾക്കുകൂടി ശാശ്വത പരിഹാരം വിമാനത്താവളം അധികൃതരുടെ പരിഗണനയിലുണ്ട്. മാലിന്യ സംസ്കരണത്തിന് ആധുനിക പ്ലാന്റ് നിർമാണം പുരോഗമിക്കുന്നു.
മഴക്കാലത്തു വിമാനത്താവള വളപ്പിൽനിന്നു വെള്ളം പരിസരപ്രദേശങ്ങളിലെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്തുന്ന പ്രശ്നം പരിഹരിക്കാൻ ഡ്രെയ്നേജ് സംവിധാനവും ഒരുക്കുന്നുണ്ട്. 6 കോടി രൂപയാണു ഡ്രെയ്നേജ് സംവിധാനത്തിനായി ചെലവിടാൻ ഉദ്ദേശിക്കുന്നത്. ചുറ്റുമതിൽ പുതുക്കിപ്പണിയുന്ന ജോലിയും പുരോഗമിക്കുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും കുട്ടികൾക്കു കളിക്കാനുമായി 7 ശിശുസംരക്ഷണ മുറികൾ ഒരുക്കി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലും ടെക്നിക്കല്‍ ബ്ലോക്കിലും കാർ പാർക്കിങ് ഏരിയയിലുമായാണ് മുറികൾ. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന് വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.