Sun. Dec 22nd, 2024

ആലപ്പുഴ:

ദേശീയപാത 66 ആറുവരിയായി പുനർനിർമിക്കുന്ന ഒരുഘട്ടത്തിന്‌ കൂടി ഉടൻകരാറാവും. തുറവൂർ-പറവൂർ, പറവൂർ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കാവനാട് എന്നിങ്ങിനെ മൂന്ന്‌ ഭാഗങ്ങളായാണ് നിർമാണം പൂർത്തിയാക്കുക. തുറവൂർ-പറവൂർ ഭാഗത്തെ നിർമാണത്തിനാണ് ഈ മാസം കരാറാകുന്നത്.

പറവൂർ – കൊറ്റുകുളങ്ങര ഭാഗത്തിന്റെ ടെൻഡർ വൈകും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ നടപടിതുടങ്ങി. തുറവൂർ-പറവൂർ ഭാഗത്തിന്‌ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഡയറക്ടർ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിച്ചിരുന്നു.

കരാർ ക്ഷണിച്ചിരുന്നെങ്കിലും സാമ്പത്തിക വിനിയോഗ അനുമതി നീളുകയായിരുന്നു. 1248.08 കോടിയുടേതാണ് പദ്ധതി.
9 കിലോമീറ്റർ വരുന്ന തുറവൂർ-പറവൂർ ഭാഗത്തെ പുനർനിർമാണത്തിന്  ജനുവരി ആദ്യമാണ് കരാർ ക്ഷണിച്ചത്.

അവസാന തീയതി പലപ്രാവശ്യം നീട്ടി. എൻഎച്ച്എഐ ബോർഡിന്റെ അംഗീകാരം ലഭിച്ചതോടെയാണ്‌ കരാറാകുന്നത്. കരാർ തീയതി മുതൽ 30 മാസത്തിനകം പണി  പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.

അഞ്ചുവർഷം റോഡിന്റെ പരിപാലന ചുമതല നിർമാണ കരാറുകാർക്കായിരിക്കും. പറവൂർ-കൊറ്റുകളങ്ങര ഭാഗത്തിനും കരാർ ക്ഷണിച്ചിട്ടുണ്ടെങ്കിലും എൻഎച്ച്എഐ ബോർഡിന്റെ അനുമതിയായില്ല. അതിനാലാണ്‌ ടെൻഡർ വൈകുന്നത്‌.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ നടപടിയാരംഭിച്ചു. കലക്ടറേറ്റിലെ സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഓഫീസിലും ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്‌പെഷ്യൽ തഹസീൽദാർ ഓഫീസുകളിലുമാണ്‌ ജീവനക്കാരുടെ എണ്ണം കൂട്ടുന്നത്‌.

ഡെപ്യൂട്ടി കലക്ടർ ഓഫീസിൽ വിരമിച്ച ഒരുതഹസീൽദാറെയും ഡേറ്റാഎൻട്രി  ഓപ്പറേറ്ററേയും കൂടുതലായി നിയമിക്കും. നഷ്ടപരിഹാരം കണക്കാക്കാനും  വിവിധ അപേക്ഷകൾ തയാറാക്കാനും സോഫ്റ്റ് വെയർ തയ്യാറായിട്ടുണ്ട്.