മാനന്തവാടി:
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മാനന്തവാടി ചിറക്കര പാലവും പൊളിച്ചുപണിയുന്നു. മാനന്തവാടിയിലെ ഏറ്റവും പഴക്കംചെന്ന പാലങ്ങളിൽ ഒന്നായ ചിറക്കര പാലം നിർമിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലമായിരുന്നു ഇത്.
തവിഞ്ഞാൽ പഞ്ചായത്തിനെയും മാനന്തവാടി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. യുഡിഎഫ് മാത്രം ഭരിച്ച വാർഡിൽ ഇത്തവണ വിജയിച്ച മുൻ നഗരസഭാ ചെയർമാൻ കൂടിയായ വി ആർ പ്രവീജിന്റെ പരിശ്രമത്തിലാണ് പാലം നിർമാണത്തിന് ഫണ്ട് ലഭ്യമായത്. പാലത്തിന്റെ ശോച്യാവസ്ഥ ഒ ആർ കേളു എംഎൽഎയെ ധരിപ്പിച്ചപ്പോൾ എംഎൽഎ ആസ്‌തി വികസന ഫണ്ടിൽനിന്ന് 55 ലക്ഷം അനുവദിക്കുകയായിരുന്നു.
ചരിത്രപ്രാധാന്യമുള്ള ഈ പാലം നിലവിൽ അപകടാവസ്ഥയിലാണ്. തൂണുകളും കൈവരികളും തുരുമ്പെടുത്ത് ദ്രവിച്ചു. നൂറുകണക്കിനാളുകൾ മാനന്തവാടിയിലെത്താൻ ഉപയോഗിക്കുന്നതാണിത്.
പാലം തകർന്നാൽ തോട്ടംതൊഴിലാളി മേഖലയിൽ നാട്ടുകാർ ഒറ്റപ്പെടും. പാലം നിർമാണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്.