Mon. Dec 23rd, 2024

തിരുവേഗപ്പുറ ∙

പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം. കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ കാളാഞ്ചിറ – പറക്കല്ല് റോഡ് യാഥാർഥ്യമായി. ഇതോടെ കാളാഞ്ചിറ പ്രദേശത്തെയും വേളക്കാട്, പറക്കല്ല് കോളനിവാസികളുടെയും യാത്രാ ദുരിതത്തിനാണ് അറുതിയായത്.

കോളനിവാസികളും പ്രദേശത്തെ ജനങ്ങളും റോഡ് ഇല്ലാത്തതിനാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മുഹമ്മദ് മുഹസിൻ എംഎൽഎയെ നേരിട്ട് അറിയിക്കുകയും ഭീമ ഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പണിതത്. 150 കുടുംബങ്ങൾക്ക് ഈ റോഡിന്റെ പ്രയോജനം ലഭിക്കും.

ഇവിടത്തുകാർക്ക് വിളയൂർ – എടപ്പലം റോഡിൽ പ്രവേശിക്കുന്നതിന് അഞ്ച് കിലോമീറ്റർ ദൂരം കുറഞ്ഞു കിട്ടും. മഴക്കാലത്ത് ഒറ്റപ്പെട്ടു പോകുന്ന ഈ പ്രദേശത്തുള്ളവർ പ്രധാന റോഡിൽ പ്രവേശിക്കുന്നതിനു കാട്ടുപാതയെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.

കെഎസ്ഇബി, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ ആണ് നിർമാണ പ്രവൃർത്തികൾ നടത്തിയത്. മുഹമ്മദ് മുഹസിൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ പാങ്കുഴി സുലൈഖ, എം.വി. അനിൽകുമാർ, എ.പി. അഹമ്മദ്, കെ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.