Fri. Nov 22nd, 2024
കോഴിക്കോട്:

ഹെൽമറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുമൊക്കെ ജില്ലയിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ‘മുകളിലൊരാൾ’ എല്ലാ കാണാനെത്തുന്നുണ്ടെന്ന തിരിച്ചറിവ് നല്ലതാണ്. പൊലീസിനെ വെട്ടിച്ചാലും മുകളിലുള്ള സംവിധാനത്തെ കബളിപ്പിക്കാൻ അൽപം ബുദ്ധിമുട്ടാണ്.

നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 50 ക്യാമറകളാണ് (എഐ ക്യാമറകൾ) മോട്ടർ വാഹനവകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനൊരുങ്ങുന്നത്. പ്രധാന റോഡുകളിൽ മാത്രമാകില്ല ക്യാമറകളുണ്ടാവുക.മോട്ടർവാഹന വകുപ്പ് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ‘സേഫ് കേരള’ എന്ന പദ്ധതിയുടെ ഭാഗമായാണു ഓട്ടമേറ്റഡ് ക്യാമറകളെത്തുന്നത്.

നിയമലംഘനങ്ങളുടെ ചിത്രമെടുത്ത് ക്യാമറകൾ അപ്പോൾത്തന്നെ കൺട്രോൾ റൂമിലേക്ക് അയച്ചുകൊടുക്കും. ഇതിന്റെ ഭാഗമായി മോട്ടർ വാഹനവകുപ്പിന്റെ ജില്ലയിലെ കൺട്രോൾ റൂമും പൂർണമായി ഓട്ടമേറ്റ് ചെയ്യുന്നുണ്ട്. നിലവിൽ 45 എഐ ക്യാമറകൾ തയാറായിട്ടുണ്ട്. കെൽട്രോണിനാണ് ഇതിന്റെ ചുമതല.

കൺട്രോൾ റൂം, ജിപിഎസ് ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കുന്നതും കെൽട്രോൺ തന്നെ. മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. ജില്ലയിൽ എവിടെയൊക്കെ ക്യാമറ സ്ഥാപിക്കണമെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.

ചിലയിടങ്ങളിൽ ക്യാമറ സ്ഥാപിക്കാനുള്ള തൂണുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. 2 മാസത്തിനുള്ളിൽ ജില്ലയിൽ എഐ ക്യാമറകൾ പൂർണമായി സജ്ജമാകും. സൗരോർജത്തിലാണു ക്യാമറകൾ പ്രവർത്തിക്കുന്നത്.

പുതിയ തരം ക്യാമറകൾ സ്ഥാപിക്കുന്നതോടെ വിവിധ തരം നിയമലംഘനങ്ങൾ വേർതിരിച്ചു കണ്ടെത്താനാകും. ഹെൽമറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കിൽ‌ നിർമിത ബുദ്ധിയുടെ സഹായത്തോടെ അവ കണ്ടെത്തും. സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെങ്കിൽ അതും. ഹെൽമറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തൻ ക്യാമറ അവ കണ്ടുപിടിക്കും.

വയർലെസ് ക്യാമറകളായതിനാൽ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും. അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ വ്യാപകമായതോടെ ഇത്തരം ക്യാമറകൾക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയുകയും സുഗമമാകും.
കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും എഐ ക്യാമറകൾ സഹായകരമാകും എന്നാണു കരുതപ്പെടുന്നത്.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അമിതവേഗം, അപകടകരമായ ഡ്രൈവിങ്, കൃത്യമായ നമ്പർപ്ലേറ്റ് ഇല്ലാത്തവ മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുക, ഇരുചക്രവാഹനത്തിൽ 3 പേരെ വച്ച് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാകും ആദ്യഘട്ടത്തിൽ കണ്ടെത്തുക. വാഹനങ്ങളുടെ ചിത്രങ്ങൾ കൺട്രോൾ റൂമിലെത്തുകയും ഉടമകൾക്കു നോട്ടിസ് അയയ്ക്കുകയും ചെയ്യുന്നതാണു രീതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ വരെ നിർമിതബുദ്ധിയുടെ സഹായത്തോടെ ക്യാമറകൾക്കു സാധിക്കും.