Mon. Dec 23rd, 2024
ചീമേനി:

ജില്ലയിലെ ജല ക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടം തുടക്കമിട്ടു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീറിന്റെ നേതൃത്വത്തിലെത്തിയ സംഘം കാക്കടവിലേക്ക് എത്തി. വർഷങ്ങൾക്ക് മുൻപ് ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി കാക്കടവിൽ ഡാമുണ്ടാക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നു.

കണ്ണൂർ– കാസർകോട് ജില്ലകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉതകുന്ന പദ്ധതിയായിരുന്നു കാക്കടവ് പദ്ധതി വഴി ഉദേശിച്ചിരുന്നത്.എന്നാൽ അക്കാലത്ത് ചിലയിടങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെ പദ്ധതി നടപ്പിലാകാതെ വന്നു. 10 കോടി രൂപയോളം ചെലവഴിച്ച് കൊണ്ടുള്ള ചെറുകിട അണക്കെട്ടിന്റെ നിർമാണം ഇപ്പോൾ കാക്കടവിൽ അവസാനഘട്ടത്തിലാണ്.

ഇതിന്റെ സാധ്യതകളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ ഉച്ചഭാഷിണിയിലൂടെ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിലെ ജലക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നടപടികളുടെ ഭാഗമായി ജില്ലയിലെ ഏല്ലാ ജലസ്രോതസും പരിശോധിക്കാൻ ജില്ലാ ഭരണകൂടം പദ്ധതിയിട്ടിരുന്നു.ഇതിന്റെ തുടക്കമെന്ന നിലയിലാണ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ ഉച്ചയോടെ കാക്കടവിൽ എത്തിയത്.

കാക്കടവിലെ ജലവിതരണ കേന്ദ്രം കാക്കടവ് പാലം, നിർമാണത്തിലിരിക്കുന്ന ചെറുകിട അണക്കെട്ട് എന്നിവ സംഘം സന്ദർശിച്ചു. വരും ദിവസങ്ങളിൽ മറ്റിടങ്ങളിലെ ജലസ്രോതസുകൾ പരിശോധിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.കാസർകോട് വികസന പാക്കേജ് ഇംപ്ലിമെന്റെ ഓഫീസർ രാജ്മോഹനൻ,ഡെപ്യൂട്ടി കലക്ടർ രവികുമാർ, ജല വിതരണ വകുപ്പിന്റെ എക്സ്ക്യുട്ടീവ് എൻജിനീയർ രമേശൻ എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.