Sat. Nov 23rd, 2024
കോഴിക്കോട്:

പെണ്‍കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഉണ്ടാക്കി അശ്ലീല മെസേജുകള്‍ അയക്കുന്നതായി പരാതി. കോഴിക്കോട് കാരശേരി ആനയാംകുന്നിലാണ് സംഭവം. മെസേജുകള്‍ക്ക് മറുപടി നല്‍കിയില്ലെങ്കിലും അവരുടെ ഫോട്ടോ അയച്ചു കൊടുത്തില്ലെങ്കിലും ഭീഷണിപ്പെടുത്തുന്നതായി മെസേജ് ലഭിച്ചവര്‍ പറയുന്നു.

മുക്കം പോലീസിലും സൈബർസെല്ലിനും പരാതി നൽകി.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കാരശ്ശേരി ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർത്ഥിനിക്ക് ആദ്യം മെസ്സേജ് വന്നതായി ശ്രദ്ധയിൽപ്പെട്ടത്. ആനയാംകുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികൾക്ക് മെസ്സേജ് അയച്ചിരിക്കുന്നത്.

ഇതിനോടകം നിരവധി വിദ്യാർത്ഥികൾക്ക് കൂട്ടുകാരികളുടെ പ്രൊഫൈൽ ഫോട്ടോയുള്ള അക്കൗണ്ടുകളിൽ നിന്നും അശ്ലീല മെസേജുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആനയാംകുന്ന് സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പേരിൽ അയൽവാസിയായ വീട്ടമ്മയ്ക്ക് വീഡിയോ കോൾ വന്നതായും പരാതിയുണ്ട്.