Wed. Nov 6th, 2024

ആലപ്പുഴ: 

കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം പ്ലാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ നിലയിൽ. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അസ്‌ഥികൂടത്തിൽ രേഖപ്പെടുത്തലുകൾ ഉള്ളതിനാൽ മുമ്പ്‌ ഇവിടെ വാടകയ്‌ക്ക്‌ താമസിച്ച ഡോക്‌ടർ പഠനാവശ്യത്തിന്‌ ഉപയോഗിച്ചതാകമെന്നും സംശയമുണ്ട്‌.

സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ച അസ്ഥികൂടം പോസ്‌റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക നിഗമനത്തിൽ ദുരൂഹത ഇല്ലെങ്കിലും സംഭവത്തെക്കുറിച്ച്‌ പൊലീസ് കേസെടുത്ത് വിശദ അന്വേഷണം ആരംഭിച്ചു.
രണ്ട്‌ തലയോട്ടിയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളടങ്ങുന്ന എല്ലുകളാണ്‌ ലഭിച്ചത്‌.

കെട്ടിടം ദീർഘനാളുകളായി ഉപയോഗിച്ചിരുന്നില്ല. കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ചിരുന്നു. ഇത്‌ ജെസിബി ഉപയോഗിച്ച്‌ വൃത്തിയാക്കുമ്പോൾ വിറകുപുര പൊളിച്ചപ്പോഴാണ്‌ അസ്‌ഥികൂടം കണ്ടത്‌. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ്‌ മേധാവി ജി ജയ്‌ദേവിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.

എട്ടുവർഷം മുമ്പാണ്‌ ഡോക്‌ടർ അടക്കമുള്ളവർ ഇവിടെ വാടകയ്‌ക്ക് താമസിച്ചിരുന്നത്. തലയോട്ടികൾ രണ്ടായി മുറിച്ച നിലയിലാണ്. ശാസ്‌ത്രീയ പരിശോധനയിലൂടെ മാത്രമേ കാലപ്പഴക്കം അറിയാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.

ഉദയാ സ്‌റ്റുഡിയോയിൽ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയ ലളിത, പത്മിനി, രാഗിണി സഹോദരിമാർ താമസിച്ചിരുന്നത്‌ ഇവിടെയാണ്‌. സ്ഥലവും കെട്ടിടവും അഞ്ചിലധികം പേരുടെ ഉടമസ്ഥതയിൽ കൈമറിഞ്ഞ് ഇപ്പോൾ വ്യാപാരിയായ കണ്ണൻ എന്നയാളുടെ പേരിലാണ്‌. സംഭവത്തിന്റെ ഉറവിടം കണ്ടെത്താനായി മുൻകാലത്തെ കെട്ടിട ഉടമകളുടെയും വാടകയ്‌ക്ക്‌ താമസിച്ചവർ അടക്കമുള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.