കൊല്ലം:
കോടതി ഉത്തരവു മറികടന്നു വൈഎംസിഎയിൽ സ്പെഷൽ തഹസിൽദാരുടെ ഓഫിസ് ആരംഭിക്കുവാൻ നീക്കം നടത്തുന്നു എന്നാരോപിച്ച് വൈഎംസിഎ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ദിവസം വൈഎംസിഎ ഹാൾ വൃത്തിയാക്കുകയും ഫയലുകൾ ഇവിടേക്കു മാറ്റുകയും ചെയ്തിരുന്നു.
ഇന്നലെ വീണ്ടും ഫയലുകളുമായി ഉദ്യോഗസ്ഥർ എത്തിയതോടെയാണ് വൈഎംസിഎ അംഗങ്ങൾ പ്രതിഷേധവുമായി എത്തിയത്. ഉദ്യോഗസ്ഥർ കോടതി അലക്ഷ്യം കാട്ടുന്നുവെന്നാരോപിച്ചു പ്രവർത്തകർ കവാടത്തിൽ പ്രതിഷേധ സമരം നടത്തി. തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവർത്തകർ പറഞ്ഞു.
ഒക്ടോബർ 9 വരെ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് നിലനിൽക്കെ, ഓഫിസ് പ്രവർത്തനം തുടങ്ങുന്നത് കോടതി അലക്ഷ്യ നടപടിയാണെന്ന് വൈഎംസിഎ ഭാരവാഹികൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
പ്രതിഷേധത്തിനിടയിലും രാത്രി വൈകിയും ലോറിയിൽ തഹസിൽദാർ ഓഫിസിലേക്കുള്ള സാധനങ്ങൾ കൊണ്ടു വന്നിറക്കുകയായിരുന്നു. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓഫിസ് ആണെന്നും അതു പൂർണ സജ്ജമാക്കാൻ സബ് കലക്ടർ നിർദേശിച്ചെന്നുമാണു ലഭിച്ച മറുപടി.
പാട്ട കുടിശ്ശികയുടെ പേരിൽ ജൂലൈ 16 ന് വൈഎംസിഎ കെട്ടിടം സർക്കാർ ഏറ്റെടുത്തപ്പോൾ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്പെഷൽ തഹസിൽദാരിന്റെ ഓഫിസിന്റെ ബോർഡ് സ്ഥാപിക്കുകയും ഓഫിസ് സെക്‌ഷൻ ആരംഭിക്കുകയും ചെയ്തിരുന്നു.
സർക്കാർ നടപടിയെ ചോദ്യം ചെയ്ത് വൈഎംസിഎ ഹൈ ക്കോടതിയെ സമീപിച്ചപ്പോൾ ഒക്ടോബർ 9 വരെ തൽസ്ഥിതി തുടരാനാണ് കോടതി ഉത്തരവിട്ടത്. പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. പ്രസിഡന്റ് വർക്കി ജേക്കബ്, ജനറൽ സെക്രട്ടറി സാംസൺ മാത്യു എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.