കണ്ണൂർ:
അഗ്നിശമന സേനയെ കാലോചിതമായി പരിഷ്കരിക്കുന്നതിൻറെ ഭാഗമായി റീജനൽ അക്കാദമി കം റിസർച് സെൻറർ കണ്ണൂരിൽ സ്ഥാപിക്കുന്നു. ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പാലയിൽ പൊലീസിൻറെ അധീനതയിലുള്ള നാലേക്കറിലധികം വരുന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഫയർഫോഴ്സ് ഡി ജി പി ബി.
സന്ധ്യയും ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച വൈകീട്ട് സ്ഥലം സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ബി സന്ധ്യ കണ്ണൂർ അഗ്നിശമന നിലയം സന്ദർശിക്കും.അഗ്നിശമന സേനയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആധുനിക രീതിയിൽ പരിശീനം നൽകുന്നതിനൊപ്പം ഈ മേഖലയിൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കൂടി സ്ഥാപിക്കലാണ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിൽ ഇത്തരം ഒരു സ്ഥാപനം തുടങ്ങുന്നതിൽ താൽപര്യമുണ്ട്.മുഴപ്പാലയിലെ സ്ഥലത്താണ് പൊലീസ് കണ്ടുകെട്ടുന്ന പഴയ വാഹനങ്ങളും മറ്റും സൂക്ഷിക്കുന്നത്. പൊലീസിൻറെ ‘ഡംപിങ് യാർഡ്’ ആണിത്. നേരത്തെ ഇവിടെ പൊലീസ് സുരക്ഷ ഉണ്ടായിരുന്നു.
എന്നാൽ, അടുത്ത കാലത്തായി അത് പിൻവലിച്ചിരുന്നു. പുതിയ ആലോചന നടക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡംപിങ് യാർഡ് ശുചീകരിക്കുന്ന പ്രവൃത്തി മൂന്നു ദിവസമായി നടത്തിവരുന്നുണ്ട്. ഫയർഫോഴ്സിലെ പത്തു വീതം അടങ്ങുന്ന ടീമും പൊലീസുകാരും ചേർന്നാണ് കാട് വെട്ടിത്തെളിച്ച് സ്ഥലം വൃത്തിയാക്കുന്നത്. തിങ്കളാഴ്ചയോടെ ഈ പ്രവൃത്തി തീരും.