കോട്ടയം:
സി എം എസ് കോളജ് കാമ്പസിലെ മരങ്ങളെക്കുറിച്ചറിയാന്‍ ഏര്‍പ്പെടുത്തിയ ക്യു ആര് കോഡ് സംവിധാനം കോട്ടയം നഗരപ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു. കോട്ടയം നഗരസഭ പാര്‍ക്കിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാര്‍ക്കിലെ വൃക്ഷങ്ങളില്‍ ക്യു ആര് കോഡ് ചേര്‍ത്ത ബോര്‍ഡുകള്‍ സ്ഥാപിച്ചു.
വൃക്ഷത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കോഡ് സ്കാന്‍ ചെയ്താല്‍ വൃക്ഷത്തെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ലഭ്യമാകും. വൃക്ഷങ്ങളെ സംബന്ധിച്ച് സമഗ്ര അവബോധം ജനങ്ങളില്‍ വളര്‍ത്താന്‍ ക്യു ആര് കോഡ് സംവിധാനം സഹായകമാകും.
സി എം എസ് കോളജും സാമൂഹിക വനവത്കരണവിഭാഗവും നഗരസഭയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന് നിര്‍വഹിച്ചു.
കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭ ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കിയത്. അസിസ്റ്റൻറ് ഫോറസ്റ്റ് കണ്‍സര്‍വേറ്റിവ് ഓഫിസര്‍ ജി പ്രസാദിൻ്റെയും സി എം എസ് കോളജ് ബോട്ടണി വിഭാഗം അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്മാന് ബിന്‍സി സെബാസ്റ്റ്യന്‍, വൈസ് ചെയര്മാന് ബി ഗോപകുമാര്‍, കൗണ്‍സിലര്‍ ജിബി ജോണ്‍, അസിസ്റ്റൻറ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി പ്രസാദ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ വര്‍ഗീസ് സി ജോഷ്വ, ബര്‍സാര്‍ റവ ചെറിയാന് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.