Sat. Apr 20th, 2024
മഞ്ചേരി:

പണം കൊടുത്താൽ, പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന ലാബ് താത്ക്കാലികമായി അടച്ചുപൂട്ടാൻ ഉടമയ്ക്ക് നോട്ടിസ് നൽകി. മെഡിക്കൽ കോളേജ് ആശുപത്രിക്കു മുൻപിൽ പ്രവർത്തിക്കുന്ന സഫ ലാബിന് എതിരെയാണു നടപടി. ജില്ലാ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന നോട്ടിസ് നൽകിയത്.

സ്രവ പരിശോധന പോലും ഇല്ലാതെ ആധാർ കാർഡും പണവും നൽകിയാൽ സ്വകാര്യ ലാബിൽനിന്ന് സർക്കാർ അംഗീകൃത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് ലാബിൽ പരിശോധന നടത്തിയിരുന്നു. പ്രാഥമികാന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി.2 കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സർക്കാർ പോർട്ടലിൽ ചേർത്തിട്ടില്ലെന്ന് കണ്ടെത്തി.

ലാബിലെ റജിസ്റ്ററിൽ പരിശോധനാ വിവരം രേഖപ്പെടുത്തിയതിന്റെ കണക്കും കംപ്യൂട്ടറിൽ രേഖപ്പെടുത്തിയതിന്റെ കണക്കും തമ്മിൽ വ്യത്യാസവും കണ്ടെത്തി. ഉപയോക്താക്കൾക്ക് നൽകുന്ന ബില്ലിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താൻ ജിഎസ്ടി അധികൃതരെ സമീപിക്കുമെന്ന് അധികൃതർ പറഞ്ഞു. ക്രമക്കേട് കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ കെ പി അഫ്സൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ കെ വി നന്ദകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ ഷീന ലാൽ, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ അനിത, ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ എം സി നിഷിത്ത്, അഡ്മിനിസ്ട്രേഷൻ മെഡിക്കൽ ഓഫിസർ ഡോ നവ്യ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.