Mon. Dec 23rd, 2024
പുൽപ്പള്ളി:

വീട്ടിലേക്കുള്ള വഴി നീളെ കസ്‌തൂരി മഞ്ഞളും കരിമഞ്ഞളും. മുറ്റത്തിനരികിൽത്തന്നെയുണ്ട്‌ പാഷൻ ഫ്രൂട്ടും ചൗചൗവും. തോട്ടത്തിലേക്കു കയറിയാൽ എഴുപതോളം ഇനം വാഴകളും മറ്റും. മണ്ണിനെ പൊന്നണിയിക്കുന്ന ഒരു പെണ്ണിന്റെ അധ്വാനത്തെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌.

ജൈവ വളങ്ങൾ സമ്മിശ്ര കൃഷിരീതിക്ക് ഉപയോഗിച്ച് വിജയം കൊയ്യുകയാണ് പുൽപ്പള്ളി ചെറ്റപാലം തൂപ്രയിലെ വാഴവിള രമണി ചാരു. ഒന്നര ഏക്കർ ഭൂമിയിലാണ്‌ ഈ വിജയഗാഥ.ബംഗളൂരു ആസ്ഥാനമായ സരോജനി ദാമോദർ ഫൗണ്ടേഷന്റെ 2020 ലെ മികച്ച ജൈവ കർഷകയ്ക്കുള്ള പ്രോത്സാഹന സമ്മാനം വയനാട്ടിൽ നിന്ന്‌ ലഭിച്ചത് രമണിക്കാണ്. 10,000 രൂപയും പ്രശംസാ പത്രവുമാണ്‌ പുരസ്‌കാരം.

1996–2000 വർഷത്തിൽ പുൽപ്പള്ളി പഞ്ചായത്തിലെ എൽഡിഎഫ്‌ അംഗമായിരുന്നു രമണി. രണ്ടു വർഷം മലേഷ്യയിൽ കെയർ ടേക്കറായി ജോലിചെയ്ത ശേഷം തിരിച്ചുവന്നാണ്‌ പൈതൃക സ്വത്തായി കിട്ടിയ ഒന്നര ഏക്കർ സ്ഥലത്ത് കഠിനാധ്വാനം തുടങ്ങിയത്. തെങ്ങ്, കവുങ്ങ്, കുരുമുളക് കൃഷി എന്നിവയുള്ള തോട്ടത്തിൽ 70 ഇനം വാഴകൾ, കസ്തൂരി മഞ്ഞൾ, കരി മഞ്ഞൾ തുടങ്ങി ഏഴ് ഇനം മഞ്ഞൾ, കൂവ, വിവിധ ഔഷധസസ്യങ്ങൾ, പാവൽ, പടവലം, മത്തൻ, കുമ്പളം, ചൗചൗ, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ കാർഷിക വിളകൾ രമണിയുടെ കൃഷിയിടത്തിലുണ്ട്.

നാടൻ കോഴികളെയും താറാവുകളെയും വളർത്തി മുട്ട വിൽക്കുന്നുമുണ്ട്‌.ജൈവവളം മാത്രം ഉപയോഗിച്ച് ഉല്പ്പാദിപ്പിക്കുന്ന കാർഷികോല്പ്പന്നങ്ങൾ സംസ്‌കരിച്ച് ‌ മൂല്യവർദ്ധിത ഉല്പ്പന്നങ്ങളാക്കി മാറ്റുന്നു. പൊതു മാർക്കറ്റിൽ കുരുമുളകിന് 350 രൂപ വിലയുള്ളപ്പോൾ രമണിയുടെ ജൈവ കുരുമുളകിന് കിലോഗ്രാമിന് 700 രൂപവരെ ലഭിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പരസ്യവും ഓർഡറുകളും.

പ്രഭാതം മുതൽ പ്രദോഷം വരെ കൃഷിയിടത്തിൽ അധ്വാനിക്കുന്ന രമണി വിരളമായേ പരസഹായം സ്വീകരിക്കാറുള്ളൂ. ഭർത്താവ് പലപ്പോഴും സ്ഥലത്തില്ലാത്തതിനാൽ മകനെയും മകളെയും പഠിപ്പിച്ച് വളർത്തിയത്‌ രമണിയുടെ കഠിനാധ്വാനം കൊണ്ടാണ്‌.