ഗുരുവായൂർ:
ചുഡുവാലത്തൂർ മഹാദേവന്റെ അത്താഴപ്പൂജ കഴിഞ്ഞു സോപാനമിറങ്ങുമ്പോൾ ഒരു സ്വരം കേട്ടു. ഇപ്പോൾ സമയമായി എന്നതാണ് അതിന്റെ പരിഭാഷയെന്നു പറഞ്ഞതു മനസ്സാണ്. പിറ്റേന്നു ഗുരുവായൂർ മേൽശാന്തി തിരഞ്ഞെടുപ്പിന്റെ അഭിമുഖത്തിനു പോകും മുൻപു തന്നെ മനസ്സിലിരുന്നു മഹാദേവൻ പറഞ്ഞു, ഇനി വിഷ്ണുസന്നിധിയിലേക്കെന്ന്.
ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഷൊർണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കൽ ജയപ്രകാശ് നമ്പൂതിരിയുടെ വാക്കുകളിൽ ദിവ്യമായ അനുഭവങ്ങളെ ചേർത്തുനിർത്തിയുള്ള ഭക്തിഭാവം. മേൽശാന്തി സ്ഥാനത്തേക്ക് 26 വട്ടം അപേക്ഷിച്ചിട്ടുണ്ട്. ഇപ്പോഴാണു നറുക്കെടുപ്പിൽ കണ്ണന്റെ കടാക്ഷം.
‘‘മഹാദേവനും മഹാവിഷ്ണുവിനും മന്ത്രങ്ങൾ രണ്ടാണ്. ഉപനയനം കഴിഞ്ഞതു മുതൽ മഹാദേവനു മുന്നിലായിരുന്നു. പാരമ്പര്യമായി ചുഡുവാലത്തൂർ ശിവക്ഷേത്രത്തിലെ ശാന്തിക്കാരായിരുന്നു ഞങ്ങൾ.’’ പിതാവ് പരേതനായ തെക്കേപ്പാട്ട് നാരായണൻ നമ്പൂതിരിയിൽ നിന്നാണു മക്കൾക്കു ദൈവസേവനത്തിന്റെ പാത തുറന്നുകിട്ടുന്നത്.
ആദ്യം ഗുരുവായൂർ മേൽശാന്തിയാകാൻ അപേക്ഷിക്കുന്നത് 39ാം വയസ്സിൽ. ഇപ്പോൾ 52 കഴിഞ്ഞു. തന്ത്രിമാരിൽ നിന്നു ഗുരുവായൂർ കണ്ണന്റെ മന്ത്രങ്ങൾ കേട്ടു പഠനം മുൻപേ തുടങ്ങി.
ഇന്നലെ രാവിലെ പത്തോടെ അഭിമുഖം കഴിഞ്ഞു ഷൊർണൂർ കവളപ്പാറയിലെ വീട്ടിലേക്കു മടങ്ങി. പന്ത്രണ്ടരയോടെ ദേവസ്വത്തിൽ നിന്നു വിളിയെത്തി, കണ്ണനു കളഭച്ചാർത്തൊരുക്കാനുള്ള നിയോഗം ലഭിച്ചെന്ന്. അമ്മ ശ്രീകൃഷ്ണപുരം വടക്കേടത്തു മനയ്ക്കൽ പാർവതീദേവി അന്തർജനം മകനെ നെറുകയിൽ തൊട്ടനുഗ്രഹിച്ചു.
ഇനി ഗുരുവായൂരിൽ 12 നാൾ ഭജനം. 30ന് അത്താഴപ്പൂജ കഴിഞ്ഞാൽ കണ്ണന്റെ സന്നിധിയിലേക്ക്. പിന്നീട് ആറു മാസം ആ തിരുസന്നിധിയിൽത്തന്നെ. പുറപ്പെടാശാന്തിയാണു ഗുരുവായൂർ കണ്ണന്റെ കാർമികൻ.
തുടർച്ചയായി മൂന്നാം തവണയാണു വള്ളുവനാട്ടുകാർക്കു ഗുരുവായൂർ മേൽശാന്തി സ്ഥാനം ലഭിക്കുന്നത്. ചുനങ്ങാട് മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി, കവളപ്പാറ തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി എന്നിവരാണു കഴിഞ്ഞ രണ്ടു തവണയായി മേൽശാന്തിമാരായത്.
കവളപ്പാറയിൽ നിന്നു തിയ്യന്നൂർ മനയിലെ ശങ്കരനാരായണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, മുരളീധരൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരും നേരത്തെ ഗുരുവായൂർ മേൽശാന്തിമാരായിട്ടുണ്ട്.