മുണ്ടക്കയം:
വീടും സ്ഥലവും സബ് രജിസ്ട്രാര്‍ ഓഫിസ് ഉദ്യോഗസ്ഥരുമായി ചേർന്ന് മക്കള്‍ കൈയ്യേറി തന്നെ ഇറക്കിവിട്ടെന്ന പരാതിയുമായി 90കാരി. കോരുത്തോട് കോക്കോട്ട് പരേതനായ കിട്ടൻ്റെ ഭാര്യ ഗൗരിയാണ് (90) ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്.
കോരുത്തോട് കോസടി ഭാഗത്ത് തൻ്റെയും ഭര്‍ത്താവിൻ്റെയും പേരിലുണ്ടായിരുന്ന ഒന്നരയേക്കര്‍ സ്ഥലമാണ് മൂത്ത മകനും രണ്ടാമത്തെ മരുമകളും ചേര്‍ന്ന് തട്ടിയെടുത്തതായി പറയുന്നത്.
അർബുദബാധിതനായിരുന്ന തൻ്റെ ഭര്‍ത്താവ് കിടപ്പിലായ സമയത്ത് സബ് രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥരെ വീട്ടില്‍ കൊണ്ടുവന്നാണ് തങ്ങളുടെ അഭിപ്രായംപോലും ചോദിക്കാതെ സ്ഥലം എഴുതി വാങ്ങിയത്. പിന്നീട്, തങ്ങളെ സംരക്ഷിക്കുമെന്ന് മക്കൾ പറഞ്ഞെങ്കിലും പിതാവിൻ്റെ മരണത്തോടെ തന്നെ ഇറക്കിവിട്ടു. ഇപ്പോള്‍ മറ്റൊരു മകനൊപ്പം വാടകക്ക് കോരുത്തോട് പള്ളിപ്പടിയില്‍ താമസിക്കുകയാണ്.
കാര്യമായ ജോലിയോ കൂലിയോ ഇല്ലാത്ത മകന് വാടക നല്‍കാനാവാത്തതിനാല്‍ പരിസരവാസികളാണ് വാടക നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. മാതാവിന് ചെലവിന് നല്‍കാമെന്ന് സമ്മതിച്ചുപോയ മക്കള്‍ ഇതുവരെ തിരിഞ്ഞുനോക്കിയില്ല.
സ്ഥലം കൈവശപ്പെടുത്താൻ സഹായിച്ച രജിസ്ട്രാര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വീടും സ്ഥലവും വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.