ഇടുക്കി:
ടൂറിസം വകുപ്പ് വൻ തുക ചെലവിട്ട് മൂന്നാറിൽ നിർമിച്ച ബജറ്റ് ഹോട്ടൽ വർഷങ്ങളായി ആർക്കും പ്രയോജനപ്പെടാതെ കിടന്നു നശിക്കുകയാണ്. മൂന്നാറിൽ എത്തുന്ന ഇടത്തരക്കാരായ സന്ദർശർക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി.
2006ൽ തറക്കല്ലിട്ട കെട്ടിടം 6 വർഷം കഴിഞ്ഞ് 2012ൽ ആണ് യഥാർഥ്യമായത്. നിർമാണം കഴിഞ്ഞപ്പോഴാണ് സഞ്ചാരികൾക്ക് ഇവിടെ എത്താൻ വഴി ഇല്ലെന്ന കാര്യം അധികൃതർ തിരിച്ചറിഞ്ഞത്. മൂന്നാർ എൻജിനീയറിങ് കോളജിന്റെ ക്യാംപസിലൂടെയുള്ള റോഡിലൂടെയാണ് നിർമാണ സമയത്ത് സാമഗ്രികൾ എത്തിച്ചിരുന്നത്.
എന്നാൽ പിന്നീട് ഈ റോഡ് സ്ഥിരമായി വിട്ടുനൽകാൻ കോളജ് തയാറായില്ല. വഴി ഇല്ലാതായതോടെ 9 വർഷമായി ഹോട്ടൽ അടഞ്ഞുകിടക്കുന്നു.