കോട്ടയം:
വിജിലൻസ് പരിശോധനകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനുപിന്നാലെ മൃഗാശുപത്രികൾക്ക് സ്വന്തം നിലയിൽ മരുന്നുവാങ്ങുന്നതിന് വിലക്ക്. സംസ്ഥാനത്തെ മൃഗാശുപത്രികളിലേക്കുള്ള മരുന്നുകൾ ഇനി പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന്.
ഇതിന് മൂന്ന് സ്ഥാപനവുമായി മൃഗസംരക്ഷണ വകുപ്പ് ധാരണയായി. സപ്ലൈകോ, എച്ച് എൽ എൽ, സംസ്ഥാന പൗൾട്ടറി വികസന കോർപറേഷൻ എന്നിവരാകും ഇനി മരുന്നുകൾ നൽകുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് അതത് മൃഗാശുപത്രികളിലെ ഡോക്ടർമാരാണ് ഭൂരിഭാഗം മരുന്നുകളും വാങ്ങുന്നത്. ടെൻഡർ അടക്കം ക്ഷണിക്കാറുണ്ടെങ്കിലും ചിലയിടങ്ങളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
നേരത്തെ പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന മരുന്നുകളുടെ വിതരണം നടത്തുന്ന രജിസ്റ്ററുകള്‍ ചില മൃഗാശുപത്രികളില്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും ചില ആശുപത്രികളുടെ കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും വിജിലന്‍സ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അനുവദിച്ച സ്വകാര്യ പ്രാക്ടീസ് ചില ഡോക്ടര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായും സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ ഈ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനുവേണ്ടി ഉപയോഗിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
നിലവിൽ മൃഗസംരക്ഷണവകുപ്പിൽനിന്ന് മരുന്നുകൾ വാങ്ങി ജില്ല ഓഫിസുകൾ വഴി ആശുപത്രികൾക്കും വെറ്ററിനറി കേന്ദ്രങ്ങൾക്കും വിതരണം ചെയ്യാറുണ്ട്. എന്നാൽ, ഇത് പര്യാപ്തമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽനിന്ന് അനുവദിക്കുന്ന തുക ഉപയോഗിച്ച് വാങ്ങുന്നതാണ് കർഷകർക്ക് ആശ്വാസമാകുന്നത്.
എന്നാൽ, ഇതിന് നടപടിക്രമങ്ങൾ ഏറെയാണ്. ഇതുമൂലം മരുന്നുകൾ വാങ്ങാൻ ഒരുവിഭാഗം ഡോക്ടർമാർ താൽപര്യം കാട്ടുന്നില്ലെന്നും മൃഗസംരക്ഷണവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം പലയിടങ്ങളിലും മരുന്നുക്ഷാമം രൂക്ഷമാണ്. പല ഡോക്ടർമാരും പുറത്തുനിന്ന് മരുന്ന് വാങ്ങാൻ നിർദേശിക്കുകയാണ്. ഇതിനുള്ള പരിഹാരംകൂടിയാണ് പുതിയ തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ളവയിൽനിന്ന് നേരിട്ട് വാങ്ങാൻ കഴിയുന്ന തരത്തിലാകും പുതിയ സംവിധാനം. വലിയതോതിൽ മരുന്നുകൾ വാങ്ങുന്നതിനാൽ വിപണിവിലയെക്കാൾ കുറഞ്ഞ നിലയിലാകും പൊതുമേഖല സ്ഥാപനങ്ങൾ മരുന്നുകൾ നൽകുക.
സംസ്ഥാനത്തെ മൃഗാശുപത്രികളിലേക്ക് ആവശ്യമുള്ള മരുന്നുകളുടെ പട്ടിക ഇവർക്ക് വകുപ്പ് കൈമാറും. ഇതനുസരിച്ച് ഇവർ മരുന്നുകൾ വാങ്ങും. തുടർന്ന് ഒരോ ആശുപത്രികളും ആവശ്യപ്പെടുന്നതനുസരിച്ച് മരുന്ന് നൽകും.
തദ്ദേശ ഫണ്ടിൽനിന്നുള്ള തുക ഇവർക്ക് കൈമാറും. ഇതിലൂടെ മരുന്നുകളുടെ കൃത്യമായ കണക്ക് ലഭിക്കുമെന്നും മൃഗസംരക്ഷണവകുപ്പ് പറയുന്നു. പ്രധാന മരുന്നുകൾ സംസ്ഥാനതലത്തിൽനിന്നുതന്നെ ആശുപത്രികളിലേക്ക് നേരിട്ട് നൽകുന്നതും പരിഗണനയിലാണ്.