Mon. Dec 23rd, 2024
നെടുങ്കണ്ടം:

വൈദ്യുതി മുടക്കത്തില്‍ പൊറുതിമുട്ടി നെടുങ്കണ്ടം മേഖല. മാസങ്ങളായി ദിവസവും മൂന്നും നാലും തവണ വൈദ്യുതി വിതരണം മുടങ്ങാറുണ്ട്​. ഇതിനു പുറമെ മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിയുടെ പേരില്‍ ലൈന്‍ ഓഫ് ചെയ്യുന്നത് വേറെയും.

രാവിലെ ഒമ്പതിനോ പത്തിനോ ഉച്ചക്കോ വൈദ്യുതി മുടങ്ങിയ ശേഷം അരമണിക്കൂര്‍ കഴിയുമ്പോള്‍ അറ്റകുറ്റപ്പണിക്കായി വൈദ്യുതി മുടങ്ങുമെന്ന് ഫോണില്‍ മെസേജ് അയക്കും. എന്നാല്‍, ഇതില്‍ പറയുന്ന സമയത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാറില്ല.

പുനഃസ്ഥാപിച്ചാലും വീണ്ടും രണ്ടും മൂന്നും തവണ മുടങ്ങാറുണ്ട്. ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്​ ചില്ലറയല്ല. മുന്നറിയിപ്പില്ലാതെ മുടക്കം വരുത്തുന്നതിനാല്‍ പല കുടുംബങ്ങളും കുടിവെള്ളമില്ലാതെ വലയുന്നുണ്ട്.

കണ്ടെയ്​ന്‍മൻെറ്​ സോൺ അല്ലാതാക്കിയ ശേഷം പ്രതീക്ഷയോടെ തുറക്കുന്ന പല സ്ഥാപനങ്ങളും കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. സര്‍വിസ് സ്‌റ്റേഷനുകളും വര്‍ക്ക്‌ഷോപ്പുകളും മറ്റും അടച്ചിടേണ്ടി വരുകയാണ്.

പല സര്‍ക്കാര്‍ ഓഫിസുകളും ഇരുട്ടിലാണ് പ്രവര്‍ത്തിക്കുക. നെടുങ്കണ്ടം, തൂക്കുപാലം, ഉടുമ്പന്‍ചോല സബ്‌സ്‌റ്റേഷനുകളുടെ പരിധിയിലാണ് വൈദ്യുതി ഒളിച്ചുകളിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിവസങ്ങളോളം വൈദ്യുതി മുടക്കി ജനജീവിതം ദുരിതപൂര്‍ണമാക്കി അറ്റകുറ്റപ്പണി നടത്തിയിരുന്നു.

അന്ന്​ ബോര്‍ഡ്​ അധികൃതര്‍ പറഞ്ഞത് വരും നാളുകളില്‍ വൈദ്യുതി തകരാര്‍ ഉണ്ടാകാതെ പരിഹരിക്കാനാണെന്നാണ്. എന്നാല്‍, ഇപ്പോള്‍ മാസങ്ങളായി ജനങ്ങള്‍ക്ക് തടസ്സം കൂടാതെ വൈദ്യുതി ലഭിക്കുന്നില്ല.