Fri. Nov 22nd, 2024

ആലപ്പുഴ:

കൂടുതൽ സുരക്ഷിത ജലയാത്രയ്‌ക്ക്‌ രണ്ട്‌ കാറ്റാമറൈൻ കൂടി നീറ്റിലിറക്കും. യഥാക്രമം 100, 75 വീതം യാത്രക്കാരെ കയറ്റാവുന്ന ബോട്ടുകളുടെ സർവീസാണ്‌  ജലഗതാഗതവകുപ്പ്‌ വെള്ളിയാഴ്‌ച ആരംഭിക്കുന്നത്‌. ഒരെണ്ണം ആലപ്പുഴ മേഖലയിലും ഒരെണ്ണം എറണാകുളം മേഖലയിലുമാണ്‌ ഓടുക.

100 യാത്രക്കാർക്ക്‌ കയറാവുന്ന ബോട്ട്‌ എറണാകുളത്തേക്കാണ്‌. കൂടുതൽ സുരക്ഷിതവും കൂടുതൽ പേരെ കയറ്റാനാകുന്നതുമായ വലിയ യാത്രാബോട്ടാണ്‌ കാറ്റാമറൈൻ. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള കാറ്റാമറൈന്‌ ചെലവ്‌ കുറവുമാണ്‌.

ഈ വിഭാഗത്തിൽ രണ്ട്‌ ബോട്ടുകളുടെ സർവീസ്‌ നേരത്തെ ആരംഭിച്ചിരുന്നു. ആകെ ഒമ്പത്‌ ബോട്ടുകളാണ്‌ നിർമിക്കുന്നത്‌. ഇതിൽ 75 യാത്രക്കാർക്ക്‌ കയറാനാകുന്ന ആദ്യ ബോട്ടാണ്‌ വെള്ളിയാഴ്‌ച തുടങ്ങുന്നതെന്നും ആലപ്പുഴയിൽ കാറ്റാമറൈൻ സർവീസ്‌ ആദ്യമാണെന്നും ജലഗതാഗതവകുപ്പ്‌ ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു.

1.8 കോടിയോളം ചെലവിട്ടാണ്  ഇരുബോട്ടുകളും നിർമിച്ചത്‌. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ് (ഐആർഎസ്‌) നിലവാരത്തിലാണ്‌  നിർമാണം. പാണാവള്ളി, പെരുമ്പളം, മാർക്കറ്റ്‌ റൂട്ടിലാണ് ആലപ്പുഴയിലെ സർവീസ്. എറണാകുളം, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടിലാണ് എറണാകുളത്തെ സർവീസ്.

പകൽ 11ന്‌ ഗതാഗാതമന്ത്രി ആന്റണി രാജു സർവീസ്‌ ഉദ്‌ഘാടനംചെയ്യും. പെരുമ്പളം പ്രസാദം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയാകും. എ എം ആരിഫ്‌ എംപി മുഖ്യാതിഥിയാകും.