Fri. Nov 22nd, 2024
ചങ്ങനാശേരി:

മുനിസിപ്പൽ ആർക്കേഡ് മാലിന്യംതള്ളൽ കേന്ദ്രമായി മാറി. ഇവിടത്തെ പാർക്കിങ് ഷെഡിനു സമീപത്താണു മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. സമീപത്തായി ശുചിമുറി ഉണ്ടെങ്കിലും മാലിന്യക്കൂമ്പാരം കടന്നാലേ ഇങ്ങോട്ടെത്താൻ കഴിയൂ.

മഴ പെയ്യുമ്പോൾ ദുരിതം വർധിക്കും. സമീപത്തെ ഓടയും മൂടി. കഴിഞ്ഞ വർഷവും സമാന സാഹചര്യമുണ്ടായിരുന്നു.

പ്രതിഷേധിച്ചപ്പോൾ വൃത്തിയാക്കിയെങ്കിലും കുറച്ചുദിവസം കഴിഞ്ഞതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായെന്നു വ്യാപാരികൾ കുറ്റപ്പെടുത്തി. നഗരപരിധിയിൽ ശുചീകരണത്തിനു ചുമതലപ്പെട്ടവർ തന്നെയാണ് ആർക്കേഡിനെ മാലിന്യംതള്ളൽ കേന്ദ്രമാക്കി മാറ്റുന്നതെന്നാണു വ്യാപാരികളുടെ പ്രധാന ആരോപണം. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം ജീവനക്കാർ ഇവിടെയാണു തള്ളുന്നത്.

ഇതിനു തീയിടുക കൂടി ചെയ്യുന്നതോടെ കടുത്ത ദുർഗന്ധവും പുകയും വ്യാപിക്കും. അതേസമയം, ആർക്കേഡിലെ കെട്ടിടങ്ങളുടെ ഇടനാഴികളിൽ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം കൂട്ടിയിടുന്നതായും ആക്ഷേപമുണ്ട്. നാൽപതിലധികം കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളും ആർക്കേഡിൽ പ്രവർത്തിക്കുന്നുണ്ട്.