തിരുവനന്തപുരം:
പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന യാത്രാ ഫ്യുവൽസിന്റെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേകോട്ടയിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തെ പൊതുമേഖലകളെ സംരക്ഷിക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിൽ കൂടെ പോകുമ്പോഴും അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും. കെഎസ്ആർടിസിയിലെ പ്രതിസന്ധി മറികടക്കാനുള്ള ആത്മാർഥശ്രമമാണ് നടത്തുന്നത്. പുതിയ 75 പമ്പുകൾ സ്ഥാപിക്കുക വഴി 1000 പേർക്ക് വരെ ജോലി നൽകാനുള്ള സാഹചര്യവും ഗുണകരമാണ്.
കെഎസ്ആർടിസിക്ക് ഒരു മുതൽമുടക്കുമില്ലാതെ മാസം 3 കോടി രൂപ ലഭിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്ന 8 പമ്പുകൾക്ക് പുറമേ അടുത്ത ഏഴു പമ്പുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ വിൽപന മന്ത്രി വി ശിവൻകുട്ടിയും ഔദ്യോഗിക ലോഗോ പ്രകാശനം മന്ത്രി ജി ആർ അനിലും നിർവഹിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെന്റർ മേയർ ആര്യ രാജേന്ദ്രനും, എൻജിൻ ഓയിൽ സർവീസിങ് സെന്റർ കൗൺസിലർ സിമി ജ്യോതിഷും ഉദ്ഘാടനം ചെയ്തു.