Mon. Dec 23rd, 2024
കൊല്ലം:

എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും 11,040 കോടി അനുവദിച്ച കേന്ദ്രസർക്കാർ ഏരൂരിലെ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചതിൽ പ്രതിഷേധം ശക്തം. ഭക്ഷ്യഎണ്ണയുടെ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി രാജ്യത്ത്‌ ആദ്യമായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞതിൽ നീതീകരണമില്ലെന്നാണ്‌ ആക്ഷേപം.

എണ്ണപ്പനക്കൃഷി വ്യാപിപ്പിച്ച്‌ ഓയിൽ ഉൽപ്പാദനം കൂട്ടാൻ ആധുനിക മിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കെയാണ്‌ ഏരൂരിലെ ഓയിൽ പാമിനോടുള്ള അവഗണന. ഇറക്കുമതിത്തീരുവ കുറച്ച കേന്ദ്ര നടപടിയും ഓയിൽ പാമിനു തിരിച്ചടിയായി.

ഇത്‌ മറ്റു രാജ്യങ്ങളിൽനിന്ന്‌ യഥേഷ്ടം പാമൊലിൻ ഇറക്കുമതിക്ക്‌ വഴിയൊരുക്കി. എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കാൻ അടച്ചുപൂട്ടിയ റബർതോട്ടങ്ങൾ ഏറ്റെടുക്കണമെന്നും കൂടുതൽ വനമേഖല വിട്ടുനൽകണമെന്നുമുള്ള ആവശ്യം ശക്തമാണ്‌.

3600 ഏക്കറുള്ള പ്ലാന്റേഷൻ 1500 പേർക്ക് പ്രത്യക്ഷമായും അത്രത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. 1971 ൽ ആണ്‌ എസ്റ്റേറ്റ്‌ നിലവിൽവന്നത്‌. അന്ന്‌ 125 ഹെക്ടറിലായിരുന്നു കൃഷി.

1996ൽ മുഖ്യമന്ത്രി ഇ കെ നായനാരുടെ സന്ദർശനത്തിനുശേഷം 1999-ൽ ആണ്‌ എണ്ണപ്പനയിൽനിന്നു ലഭിക്കുന്ന പഴവും കുരുവും ക്രൂഡോയിലാക്കുന്ന ഫാക്ടറി (മിൽ) ഓയിൽപാം മിൽ യാഥാർഥ്യമായത്‌. ഗോയങ്ക ഉൾപ്പെടെയുള്ള കുത്തക കമ്പനികൾക്കാണ്‌ അതുവരെ എണ്ണക്കുരു നൽകിയിരുന്നത്‌. എണ്ണ ഉൽപ്പാദിപ്പിച്ച്‌ കമ്പോളത്തിൽ എത്തിച്ചിരുന്നതും അവരാണ്‌.

ഫാക്ടറിയുടെ ആധുനികവൽക്കരണം നടന്നില്ലെങ്കിൽ എണ്ണ ഉൽപ്പാദനം ഇഴയും. ബോയ്‌ലറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്കായി ഇളക്കിമാറ്റിയിട്ട് രണ്ടുവർഷമായി. ശേഷിക്കുന്ന ഒരെണ്ണത്തിലാണ്‌ പ്രവർത്തനം.

ബോയ്‌ലറിലെ പ്രാധാന ട്യൂബുകളുടെ ചോർച്ച കാരണം പ്രവർത്തനം ഫലപ്രദവുമല്ല. ബോയ്‌ലറിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന നീരാവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടർബൈൻ വഴി വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് പ്രവർത്തനം. ഒരു ബോയ്‌ലർ നിശ്‌ചലമായതും സ്റ്റാൻഡ് ബൈ നിരന്തരം ലീക്കാകുന്നതും കാരണം ടർബൈൻ പ്രവർത്തിക്കുന്നില്ല.

ഇതോടെ വൈദ്യുതി ഇനത്തിലും വലിയ നഷ്ടമുണ്ടായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. യന്ത്രത്തകരാർ ഉണ്ടായിട്ടും മാനേജ്മെന്റ്‌ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധം ശക്തം. നവീകരണത്തിന് പ്രോജക്ടുകൾ നൽകാനും കഴിഞ്ഞിട്ടില്ല. ശമ്പള പരിഷ്‌കരണ കരാർ പുതുക്കിയിട്ട് മൂന്നുവർഷമായി. മുമ്പ്‌ ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നിഷേധിച്ചു.