Mon. Dec 23rd, 2024

പാലക്കാട്:

കൊല്ലങ്കോട് ഒറ്റമുറി ജീവിതത്തില്‍നിന്ന് പുറത്തുവന്ന പ്രണയിതാക്കൾ റഹ്‌മാനും സജിതയും വിവാഹിതരായി. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ്  വിവാഹിതരായത്‌. നെന്മാറ സബ് രജിസ്‌ട്രാർ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ കെ ബാബു എംഎല്‍എ പൂച്ചെണ്ട്‌ നൽകി.

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ശാന്തകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീജ രാജീവ്, അയിലൂർ പഞ്ചായത്ത് അംഗം കെ പുഷ്പാകരൻ, സജിതയുടെ അച്ഛൻ വേലായുധൻ, അമ്മ ശാന്ത എന്നിവർ പങ്കെടുത്തു. പൊലീസ്, മനുഷ്യാവകാശ കമീഷൻ, വനിതാ കമീഷൻ, യുവജന കമീഷൻ എന്നിവരുടെ അന്വേഷണത്തിന്മേലുള്ള നിയമനടപടി ഒഴിവാക്കണമെന്ന് റഹ്മാനും സജിതയും ആവശ്യപ്പെട്ടു.

അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശിയായ റഹ്‌മാനോടൊപ്പം അയല്‍വാസി  സജിത 2010ലാണ് വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ, പെയിന്റിങ് ജോലികൾ ചെയ്യുന്ന റഹ്‌മാന്‍ വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍പോലും അറിയാതെയാണ്‌ 10 വർഷം സജിതയെ താമസിപ്പിച്ചത്‌. സ്വതന്ത്രമായി ജീവിക്കണമെന്ന ആ​ഗ്രഹത്തില്‍ മാര്‍ച്ചിലാണ് ഇരുവരും നെന്മാറ വിത്തനശേരിയ്‌ക്കു സമീപം വാടക വീട്ടിൽ താമസം തുടങ്ങിയത്.