കൽപ്പറ്റ:
മരവയൽ കോളനിക്കാരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിയാവുന്നു. വർഷകാലം ഇനി ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയേണ്ട. വെള്ളപ്പൊക്ക ഭീതിയില്ലാതെ സുന്ദരമായ വീട്ടിൽ മനസ്സമാധാനത്തോടെ തലചായ്‌ക്കാം.
കനത്ത മഴയിൽ വെള്ളം കയറുന്നതിനാൽ മഴക്കാലത്ത് മരവയൽ കോളനിക്കാർ മിക്കപ്പോഴും മുണ്ടേരി ഹൈസ്‌കൂളിൽ ഒരുക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിലാണ് കഴിയാറ്. രണ്ടു പ്രളയത്തിലും ഇവരുടെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.റീബിൽഡ് കേരളയിൽപ്പെടുത്തി മരവയലിൽ തന്നെ സ്വകാര്യ വ്യക്തിയിൽനിന്ന് ഒരേക്കർ ഭൂമി വാങ്ങി 11 കുടുംബങ്ങൾക്കാണ് വീട് വച്ചുകൊടുക്കുന്നത്.
രണ്ടു കുടുംബങ്ങൾക്ക് അത്തിമൂലയിലും രണ്ട് വീടുകളും നിർമിക്കുന്നുണ്ട്. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായുള്ള നിർമാണം അന്തിമ ഘട്ടത്തിലാണ്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം ഏറ്റെടുത്തത്.
രണ്ടു മുറിയും ഹാളും അടുക്കളയും ടോയ്‌ലറ്റുമുൾപ്പെടെയുള്ള മനോഹരമായ വീടുകളാണ് ഒരുങ്ങുന്നത്. പെയിന്റിങ്, ടൈൽ പാകൽ, വയറിങ് തുടങ്ങിയ പ്രവൃത്തികൾ മാത്രമാണിനി ബാക്കിയുള്ളത്. നിർമാണം ഉടൻ പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് ജില്ലാ നിർമിതി കേന്ദ്രം ജില്ലാ കോർഡിനേറ്റർ ഒ കെ സാജിത് പറഞ്ഞു.
പൊഴുതന പഞ്ചായത്തിന്റെയും മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെയും ഇടപെടലിലാണ് നിർമാണം. വെള്ളപ്പൊക്ക ഭീതിയുള്ള പൊഴുതന പഞ്ചായത്തിലെ ചക്രം കോളനിക്കാർക്ക് റീബിൽഡിൽപ്പെടുത്തി വീടുനിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മൂവട്ടി, മീഞ്ചാൽ, കറിവേപ്പിൻ എന്നീ കോളനിയിലുള്ള കുടുംബങ്ങളെ കൂടി റീബിൽഡ് പദ്ധതിയിൽപ്പെടുത്താൻ ട്രൈബൽ വകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്.