Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരളത്തിൽ ആദ്യമായി സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുമാത്രമായി ആധുനിക ഹൃദയ ശസ്ത്രക്രിയാ തിയറ്റർ ഒരുങ്ങുന്നു. എസ്എടി ആശുപത്രിയിലാണ്‌ പീഡിയാട്രിക് കാർഡിയാക് സർജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി സ്ഥാപിച്ച ഹൃദയ ശസ്ത്രക്രിയാ യൂണിറ്റ്‌ സജ്ജമായത്‌.

ഇതിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച നിർവഹിക്കും. വൈകിട്ട്‌ എസ്എടി ആശുപത്രിയിലെ ഓമനാ മാത്യു ഹാളിൽ ഓൺലൈനായി നടക്കുന്ന പരിപാടിയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ഡോ ശശി തരൂർ എംപി, നഗരസഭാ പൊതുമരാമത്ത് വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ ഡി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും.

65 ലക്ഷം രൂപയുടെ മോഡുലാർ തിയറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ 4.22 കോടി രൂപ ചെലവഴിച്ചാണ് കാർഡിയാക് സർജറി യൂണിറ്റ് യാഥാർഥ്യമാക്കിയത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പുതിയ സംരംഭം പൂർത്തീകരിച്ചത്.

ഹൃദയ ശസ്ത്രക്രിയാ യൂണിറ്റിന്റെ നിർമാണ പുരോഗതി മന്ത്രി വീണാ ജോർജ് നിരന്തരം വിലയിരുത്തുകയും അടിയന്തരമായി പദ്ധതി യാഥാർഥ്യമാക്കാൻ വേണ്ട നിർദേശം നൽകുകയും ചെയ്തിരുന്നു.