Wed. Nov 6th, 2024
കാഞ്ഞങ്ങാട്:

കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ് തുരുമ്പെടുത്ത് നശിക്കുന്നു. മലയോരത്ത് നിന്നു കിലോമീറ്ററുകൾ താണ്ടി മണ്ണു പരിശോധനയ്ക്കായി കർഷകർ കാസർകോട് ജില്ലാ മണ്ണു പരിശോധന ലാബിലേക്ക് വരുമ്പോഴാണ് അവരുടെ അടുത്ത് എത്തേണ്ട വാഹനം അതേ ഓഫിസിന് മുൻപിൽ തുരുമ്പെടുത്ത് നശിക്കുന്നത്. 2019 മാർച്ച് 8 നാണ് ജില്ലയ്ക്കായി സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ് അനുവദിച്ചത്.

50 ലക്ഷം രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വാഹനമാണ് നൽകിയത്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലാ മണ്ണു പരിശോധന ലാബിന് കീഴിലാണ് വാഹനം അനുവദിച്ചത്. കർഷകരുടെ അരികിലെത്തി പ്രതിദിനം 40 പരിശോധനകൾ വരെ നടത്താനുള്ള സൗകര്യം വാഹനത്തിന് അകത്തുള്ള ലാബിൽ ഉണ്ട്.

വാഹനം അനുവദിച്ചപ്പോൾ ഇതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതാണു പ്രശ്നം.കെമിസ്ട്രി യോഗ്യതയുള്ള സയന്റിഫിക് അസിസ്റ്റന്റ്, ഡ്രൈവർ, ലാബ് അറ്റൻഡർ എന്നീ 3 നിയമനങ്ങളാണ് സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബിലേക്ക് വേണ്ടത്. ഈ നിയമനം നടക്കാത്തതാണ് വാഹനം കട്ടപ്പുറത്ത് ആകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ, ജില്ലാ പഞ്ചായത്തിന്റെ കീഴിലായതിനാൽ താൽക്കാലിക നിയമനം നടത്തി വാഹനം പ്രയോജനപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. നിലവിൽ വാഹനം ഏതെങ്കിലും ഒരു ബ്ലോക്ക് കീഴിൽ നിര്‍ത്തിയാല്‍ തന്നെ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും.കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക് പരിധിയിൽ എവിടെ നിർത്തി ഇട്ടാലും കിലോമീറ്ററുകൾ താണ്ടി കർഷകർക്ക് കാസർകോട് ജില്ലാ ലാബിലേക്ക് എത്തേണ്ട യാത്രാക്ലേശം ഒഴിവായി കിട്ടും.

കാസർകോട്, മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിൽ ഉള്ളവർക്ക് കാസർകോട് ജില്ലാ ലാബിലേക്ക് എത്തുന്നതാണ് സൗകര്യം. ലക്ഷങ്ങൾ വിലയുള്ള വാഹനം വെറുതേ ഇട്ട് നശിപ്പിക്കുന്നതിന് പകരം കർഷകർക്ക് പ്രയോജനപ്പെടുത്താനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നു വേണമെന്നാണ് ആവശ്യം.