പത്തനംതിട്ട:
ആറ് ഗവ ആയുര്‍വേദ-ഹോമിയോ ഡിസ്പെന്‍സറികള്‍ ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെൻററായി ഉയര്‍ത്തുന്നതിെൻറ ഭാഗമായി നാഷനല്‍ ആയുഷ് മിഷനും ജില്ല ഹരിതകേരളം മിഷനും ചേര്‍ന്ന് ജില്ലയില്‍ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ക്ക് തുടക്കംകുറിച്ചു.
പന്തളം നഗരസഭ, കുളനട പഞ്ചായത്ത്, പന്തളം തെക്കേക്കര പഞ്ചായത്ത്, കുറ്റൂര്‍ പഞ്ചായത്ത്, അരുവാപ്പുലം പഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ഹോമിയോ ഡിസ്പെന്‍സറികളിലുമാണ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്.
ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ആര് രാജേഷ്, ആയുഷ് ജില്ല കോഓഡിനേറ്റര്‍ ഡോ സുനിത, ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍, ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചത്.
കൊടങ്ങല്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ തുടങ്ങി 15 തൈകള്‍ വീതമാണ് ഓരോ പച്ചത്തുരുത്തുകളിലും ഉള്ളത്. പന്തളം നഗരസഭയില്‍ ചെയര്പേഴ്സൻ സുശീല സന്തോഷ് ഔഷധ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. മറ്റിടങ്ങളില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര് തൈനട്ട് തുടക്കംകുറിച്ചു.