Mon. Nov 25th, 2024
കാസർകോട്​:

സംസ്​ഥാനത്ത്​ കൃത്യസമയത്ത്​ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ്​ രോഗികളിൽ കൂടുതലും കാസർകോട്​ ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ്​​ ഇതിനു കാരണം. ജൂൺ 18മുതൽ മൂന്നുമാസത്തെ കൊവിഡ്​ മരണങ്ങളെക്കുറിച്ച്​ ആരോഗ്യ വകുപ്പ്​ അധികൃതർ നടത്തിയ വിശകലനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.

ചികിത്സ കിട്ടാതെയുള്ള മരണങ്ങളിൽ 35.32ശതമാനവും കാസർകോടാണ്​. സംസ്​ഥാനത്ത്​ ഏറ്റവും കുറഞ്ഞ മരണം റിപ്പോർട്ട്​ ചെയ്​ത ജില്ലകളിൽ ഒന്നാണ്​ കാസർകോട്​.എന്നാൽ, മതിയായ സമയത്ത്​ ചികിത്സ കിട്ടാതെ മരിക്കുന്ന കൊവിഡ്​ രോഗികളിൽ മുന്നിലും ജില്ല​ തന്നെ.

കൊവിഡ്​ പരിശോധന നടത്താൻ വൈകുന്നതും ആശുപത്രിയിൽ വരാൻ മടിക്കുന്നതുമാണ്​ ഇതിനു പ്രധാന കാരണ​മെന്നാണ്​ ആരോഗ്യ വകുപ്പിൻറെ നിഗമനം. ലക്ഷണങ്ങൾ കാണിക്കുന്നവർ പോലും ഏറെ വൈകിയാണ്​ പരിശോധനക്ക്​ തയാറാവുന്നത്​. വീട്​ ക്വാറൻറീൻ സ്വയം തിരഞ്ഞെടുക്കുന്ന ഇവർ രോഗം മൂർച്ഛിക്കുന്ന വേളയിലാണ്​ ആശുപത്രിയിലെത്തുക.

ഓക്​സിജൻ ബെഡിൻറെ അഭാവം നേരിട്ട വേളകളിൽ രോഗികളെയും കൂട്ടി മംഗളൂരുവിലേക്ക്​ എത്തു​മ്പോഴേക്കും മരിച്ച സംഭവമുണ്ടായി​. ന്യൂമോണിയ ബാധിച്ചിട്ടും തിരിച്ചറിയാത്തവർ ആശുപത്രിയിലെത്തി ഒന്നോ രണ്ടോ ദിവസത്തിനകം മരിച്ചിട്ടുണ്ട്​.ഇവരിൽ പലരും പ്രമേഹം, രക്​തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവരാണ്​.

ജില്ലയിലെ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്​തതയും പ്രധാന കാരണമാണ്​. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ചിലർ കൊവിഡ്​ പരിശോധന നടത്തുന്നത്​ മംഗളൂരുവിലാണ്​. കേരളത്തിൽ രജിസ്​റ്റർ ചെയ്യാത്തതിനാൽ കൊവിഡ്​ ആണെന്ന വിവരം പോലും ജില്ല മെഡിക്കൽ ഓഫിസറുടെ കാര്യാലയത്തിൽ എത്തുന്നില്ല.

കാസർകോട്​ ജില്ലയിൽ 501പേരാണ്​ കൊവിഡ്​ ബാധിച്ച്​ ഇതിനകം മരിച്ചത്​. 60 വയസ്സിനു മുകളിലുള്ളവരാണ്​ ഇതിൽ കൂടുതലും. രണ്ടാം തരംഗത്തിൻറെ ആരംഭ വേളയിൽ സംസ്​ഥാനത്ത്​ ഓക്​സിജൻ ക്ഷാമം നേരിട്ടത്​ കാസർകോട്​ ജില്ലയിലായിരുന്നതിനാൽ ചികിത്സ സൗകര്യക്കുറവും നേരിട്ടു.