Mon. Dec 23rd, 2024
ഗൂഡല്ലൂർ:

നാടുകാണി ജീൻപൂൾ ഗാർഡനിലുള്ള താപ്പാനകൾക്ക് ഭക്ഷണത്തിനുള്ള അരിയുമായെത്തിയ വിദ്യാർത്ഥികളെ ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വനംവകുപ്പ് നിയമിച്ചു. നാടുകാണിയിലും പരിസര പ്രദേശങ്ങളിലുമായി മേയുന്ന കാട്ടാനകളെ തുരത്തുന്നതിനായി ജീൻ പൂൾ ഗാർഡനിൽ 4 താപ്പാനകളെ നിർത്തിയിട്ടുണ്ട്. ഈ ആനകളെ കാണാനായി താഴെ നാടുകാണിയിലെ 8–ാം ക്ലാസ് വിദ്യാർത്ഥികളായ സതീഷ് കുമാർ, നകുലൻ, സഞ്ജയ് എന്നിവർ സ്ഥിരമായി ഗാര്‍ഡനില്‍ വരാറുണ്ട്.

ഇന്നലെ ഇവർ ജീൻ പൂൾ ഗാർഡനിലുള്ള താപ്പാനകളുടെ ഭക്ഷണത്തിനായി 25 കിലോ അരിയുമായി ഗാർഡന്റെ പ്രധാന ഗേറ്റിലെത്തി. അരി ആനയ്ക്കുള്ള ഭക്ഷണത്തിനായി സ്വീകരിക്കണമെന്ന് ഗേറ്റിലെ ജീവനക്കാരനെ അറിയിച്ചു. അരി സ്വീകരിക്കാൻ സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ വനം വകുപ്പ് റേഞ്ചർ പ്രസാദ് കുട്ടികളെ നിരാശപ്പെടുത്താതെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്കു വിവരം നൽകി.

തുടർന്ന് റീജനൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മഞ്ജുനാഥ് കുട്ടികളിൽ നിന്ന് അരി സ്വീകരിക്കാൻ അനുമതി നൽകുകയും വന്യ ജീവികളോടുള്ള കുട്ടികളുടെ താൽപര്യത്തെ മുൻനിർത്തി 3 പേരെയും ജീൻ പൂൾ ഗാർഡന്റെ അംബാസഡറായി നിയമിക്കുകയും ചെയ്തു. 3 പേർക്കും പ്രവൃത്തി സമയത്ത് ജീൻ പൂൾ ഗാർഡനിൽ പ്രവേശിക്കാനും പ്രത്യേക അനുമതി നല്‍കി. കുട്ടികൾക്ക് തുടർന്ന് വനം വന്യജീവികളെ സംബന്ധിച്ച് ക്ലാസുകൾ നൽകാനും ഇവരുടെ സംശയങ്ങൾക്കു മറുപടി നൽകാനും വനം വകുപ്പ് ജീവനക്കാരെ ചുമതലപ്പെടുത്തി. അപൂർവ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് കുട്ടികൾ.