മൂന്നിയൂർ:
തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന, നൂറ്റാണ്ട് പഴക്കമുള്ള പടിക്കൽ വെളിമുക്ക് ജിഎംഎൽപി സ്കൂൾ കെട്ടിടം ഓർമയാകും. ദേശീയപാത വികസനത്തിനായി സ്കൂൾ പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരും. സ്കൂൾ നിർമിക്കാൻ സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല.
ദേശീയപാതയോരത്ത് പടിക്കലിലാണ് സ്കൂൾ. 1908ൽ ആണ് സ്ഥാപിതമായത്. ഒന്നു മുതൽ 5 വരെ ക്ലാസുകളിലായി 254 വിദ്യാർത്ഥികൾ പഠിക്കുന്നു. 4 കെട്ടിടങ്ങളാണുള്ളത്.
66 സെന്റിൽ 60 സെന്റ് സ്ഥലവും ദേശീയപാത വികസനത്തിനായി നഷ്ടപ്പെടും. 3 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം മാത്രമാണ് ബാക്കിയാകുക. താൽക്കാലികമായി പ്രവർത്തിക്കാൻ തൊട്ടടുത്ത മദ്രസ കെട്ടിടം വാടകയ്ക്കെടുത്തിട്ടുണ്ട്.
പുതിയ സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പിടിഎ. സ്ഥലം ലഭ്യമായാൽ ഫണ്ട് അനുവദിക്കാമെന്ന് പഞ്ചായത്ത് അറിയിച്ചതായി പിടിഎ പ്രസിഡന്റ് കെ ടി റഹീം, പ്രധാനാധ്യാപികയുടെ ചുമതലയുള്ള ഹബീബ എന്നിവർ പറഞ്ഞു. അര ഏക്കറിലേറെ അനുയോജ്യമായ ഭൂമി പരിസരത്തൊന്നും കിട്ടാനില്ല.
വയലിന്റെ ഭാഗമായുള്ള സ്ഥലങ്ങൾ മാത്രമാണ് പരിഗണനയിൽ വരുന്നത്. ഇവിടെ കെട്ടിടം നിർമിക്കുന്നതിന് അനുമതി ലഭിക്കുമോ എന്നതും, സർക്കാർ മൂല്യമനുസരിച്ചുള്ള തുക വളരെ കുറവായതിനാൽ ഈ തുകയ്ക്ക് ആളുകൾ സ്ഥലം വിട്ടുനൽകാൻ തയാറാകുമോ എന്നതുമാണ് പ്രശ്നം.