Thu. Mar 28th, 2024
കൊല്ലം:

എസ്എൻ കോളജ് സെൻട്രൽ ലൈബ്രറിയിലെ പുസ്തകങ്ങളും സേവനങ്ങളും ഇനി വിരൽത്തുമ്പിൽ. ലൈബ്രറി പൂർണമായും ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനത്തിലേക്കു മാറിയതോടെ ലൈബ്രറി സേവനങ്ങൾ ഓൺലൈൻ ആയും ലഭിക്കുമെന്നു പ്രിൻസിപ്പൽ ഡോ ആർ സുനിൽകുമാർ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 11 ന് എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ ജി ജയദേവൻ നിർവഹിക്കും. സെൻട്രൽ ലൈബ്രറിയിലെ ഒന്നേകാൽ ലക്ഷം പുസ്തകങ്ങളുടെ വിവരങ്ങൾ ലോകത്ത് എവിടെ നിന്നും ഇനി അറിയാൻ കഴിയും.

അംഗങ്ങൾക്കു ലൈബ്രറിയിൽ വരാതെ തന്നെ പുസ്തകങ്ങൾ തിരയാനും റിസർവ് ചെയ്യാനും കാലാവധി തീയതി പുതുക്കാനും പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും ഓൺലൈനിലൂടെ കഴിയും. പൊതുജനങ്ങൾക്കു പുസ്തകം റിസർവ് ചെയ്യാനും ലൈബ്രറിയിലെത്തി റഫർ ചെയ്യാനും കഴിയും.

ലൈബ്രറിയുടെ വെബ്സൈറ്റിലൂടെ യുജിസി യുടെ INFLIBNET N -List ൽ നിന്നു ലഭിക്കുന്ന പതിനാറായിരത്തിലധികം റിസർച്ച ജേണലുകൾ, പതിനായിരത്തിൽപ്പരം ഇ ബുക്കുകൾ, ഡാറ്റാബേസുകൾ എന്നിവയും ലഭ്യമാകും.

ഓപ്പൺ ആക്സസ് സംവിധാനത്തിലുള്ള ഇ റിസോഴ്സുകളുടെ ഉപയോഗവും ലൈബ്രറിയിൽ നിന്നു ലഭിക്കുന്ന മറ്റു പ്രധാന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എളുപ്പത്തിൽ അറിയാം. ലൈബ്രറിയിലെ അപൂർവങ്ങളായ പുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈൻ ആയി അറിയാൻ കഴിയുന്നതിനാൽ ഗവേഷകർക്കും മറ്റു വിജ്ഞാന പ്രേമികൾക്കും ഏറെ ഗുണം ചെയ്യുമെന്നും ഡോ സുനിൽകുമാർ അറിയിച്ചു. വെബ്സൈറ്റ്: https://sncklibrary.texicon.in