ചവറ:
സബ് ട്രഷറിയുടെ പ്രവർത്തനം സുഗമമാക്കാനായി ലക്ഷങ്ങൾ ചെലവിട്ട് ചവറ മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ സ്ഥാപിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കുന്നതിനു നടപടിയായില്ല.
ട്രഷറിയുടെ വൈദ്യുതി തടസ്സത്തിനു പരിഹാരമായാണ് ജനറേറ്റർ സ്ഥാപിച്ചത്. വൈദ്യുതി തടസ്സപ്പെടുമ്പോൾ നിലവിൽ യുപിഎസ് സഹായത്തോടെയാണ് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്.
ഏറെ സമയം വൈദ്യുതി തടസ്സപ്പെട്ടാൽ കംപ്യൂട്ടറുകൾ നിലയ്ക്കുകയും പെൻഷൻ വിതരണം ഉൾപ്പെടെ തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും പെൻഷൻകാരുടെ പ്രതിഷേധത്തിനു വഴി വച്ചിട്ടുണ്ട്.
മഴയും വെയിലുമേറ്റാൽ ജനറേറ്ററിനു പ്രശ്നമില്ലെന്ന വാദമാണ് അധികൃതർ നിരത്തുന്നത്. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കാത്തത് എന്ത് എന്ന ചോദ്യത്തിനു മറുപടിയില്ല.