Mon. Dec 23rd, 2024
കോഴിക്കോട്‌:

സാന്ത്വന പരിരക്ഷാ രംഗത്ത്‌ വിദ്യാർത്ഥികളുടെ പങ്ക്‌ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത്‌. വയോജനങ്ങൾക്ക്‌ പരിചരണമൊരുക്കാനും മാനസിക പിന്തുണ നൽകാനും സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ (എസ്‌പിബി) എത്തും. എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പദ്ധതിക്ക്‌ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയുമുണ്ട്‌.

ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും ഈ അധ്യയന വർഷം മുതൽ എസ്‌പിബി ഉണ്ടാകും.സമൂഹത്തിൽ സാന്ത്വന പരിചരണത്തിൽ പങ്കാളികളാകുന്നതോടൊപ്പം കുട്ടികളിൽ മൂല്യബോധം വളർത്താനും ലക്ഷ്യമിട്ടാണ്‌ പദ്ധതിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി പറഞ്ഞു.എട്ട്‌, പ്ലസ്‌ വൺ ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ്‌ ആദ്യഘട്ടത്തിൽ പങ്കാളികളാക്കുക.

10 മുതൽ 20 പേർവരെ ഉൾപ്പെട്ടതായിരിക്കും ഓരോ ബ്രിഗേഡും. ആശയവിനിമയം, ഏറ്റെടുക്കൽ ശേഷി, സാമൂഹ്യമായ ഇടപെടൽ, പരിചരണ മനോഭാവം തുടങ്ങിയവ അടിസ്ഥാനമാക്കിയാകും അംഗങ്ങളെ തെരഞ്ഞെടുക്കുക. സാന്ത്വന പരിചരണം, വയോജന പരിരക്ഷ, കൗൺസലിങ്‌, ആശയവിനിമയം, പ്രഥമശുശ്രൂഷ തുടങ്ങിയവയിൽ പരിശീലനവും നൽകും. ‘കൊവിഡിനൊപ്പവും ശേഷവും’ എന്ന ആശയത്തിലൂന്നി അതിജീവനത്തിനും വിദ്യാർത്ഥികളെ പ്രാപ്‌തരാക്കും.

രോഗീപരിചരണത്തിനാവശ്യമായ ക്യാമ്പുകളും ബോധവൽക്കരണവും സംഘടിപ്പിക്കും. സ്‌കൂളിലെ നടത്തിപ്പിനായി പ്രധാനാധ്യാപകൻ, എഡ്യുകെയർ കോ ഓർഡിനേറ്റർ, അധ്യാപക–പിടിഎ പ്രതിനിധികൾ, സ്‌കൂൾ കൗൺസലർമാർ എന്നിവരെ ഉൾപ്പെടുത്തി കോർകമ്മിറ്റി രൂപീകരിക്കും.സ്‌കൂൾ എഡ്യുകെയർ കോ ഓർഡിനേറ്റർമാർക്കായിരിക്കും ചുമതല.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്‌പിബി നടത്തിപ്പിനായുള്ള ഫണ്ടും അനുവദിക്കും.എല്ലാ വിദ്യാലയങ്ങൾക്കും സാന്ത്വന പരിചരണത്തിനുള്ള എല്ലാ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അഹമ്മദ്‌ കബീർ പറഞ്ഞു.