Sat. Nov 23rd, 2024
ശംഖുംമുഖം:

പറക്കലിന് മുമ്പുള്ള എയർ ഇന്ത്യ എക്സ്​പ്രസ് വിമാനങ്ങളുടെ സാങ്കേതിക പരിശോധന പ്രഹസനമെന്ന് ആക്ഷേപം. നിരവധി തവണ അപകടങ്ങളും തിരിച്ചിറക്കലുകളും ഉണ്ടായിട്ടും നടപടിയില്ല. വിമാനങ്ങള്‍ ഓരോ തവണയും പറക്കും മുമ്പ് സൂക്ഷ്മമായി സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പൈലറ്റിന് റിപ്പോര്‍ട്ട് നല്‍കണം.

റിപ്പോർട്ട്​ പൈലറ്റ് അംഗീകരിച്ചാല്‍ മാത്രമേ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. എന്നാല്‍ സമയം ലാഭിക്കാനായി മറ്റ്​ രാജ്യങ്ങളില്‍നിന്ന്​ വരുന്ന എയർ ഇന്ത്യ വിമാനങ്ങള്‍ പരിശോധനകൾ കാര്യമായി നടത്താതെ തിരിച്ച് പറക്കലിന്​ തയാറാവുകയാണ്​.

സാങ്കേതിക പ്രശ്​നങ്ങള്‍ മറച്ചുവെച്ച് വീണ്ടും വിമാനങ്ങള്‍ പറക്കാന്‍ യോഗ്യമാണെന്ന് കാണിച്ച് അനുമതി നല്‍കുന്നതാണ് തിരുവനന്തപുരത്തെ പതിവ്. ഇതുകാരണം വിമാനങ്ങള്‍ പറന്നുയര്‍ന്ന ശേഷമാകും തകരാര്‍ അറിയാന്‍ കഴിയുന്നത്.

കഴിഞ്ഞദിവസം 170 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരുമണിക്കൂറിനുശേഷം തിരിച്ചിറക്കി. വിമാനത്തിലെ സ്പീഡോമീറ്ററിലെ വ്യതിയാനമാണ് തിരിച്ചിറങ്ങാന്‍ കാരണം. ആകാശപാതയിലൂടെ പറക്കുന്ന വിമാനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതും മറ്റു വിമാനങ്ങളുമായി അകലം സൂക്ഷിക്കുന്നതും ഈ സ്പീഡോമീറ്റര്‍ കണ്‍ട്രോളിലൂടെയാണ്.

മിനിറ്റില്‍ 15 കിലോമീറ്റര്‍ വേഗത്തിൽ ഒരേ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍ തമ്മില്‍ 18 കിലോമീറ്ററി​ൻെറ അകലം ഉണ്ടായിരിക്കണം. ഇതില്‍ അപാകത പറ്റിയാല്‍ ആകാശപാതയില്‍ വിമാനങ്ങള്‍ കൂട്ടിമുട്ടി വന്‍അപകടമുണ്ടാകും. അന്താരാഷ്​ട്ര ചട്ടപ്രകാരമുള്ള എൻജിനീയറിങ്​ പരിശോധനകള്‍ക്ക് ഓരോ വിമാനങ്ങള്‍ക്കും അരമണിക്കൂറിലേറെ സമയം വേണം.

സംസ്ഥാന സെക്ടറില്‍ പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനങ്ങള്‍ അധികവും കാലപ്പഴക്കം ചെന്നവയാണ്. തലസ്ഥാന വിമാനത്താവളത്തില്‍ കൂടുതല്‍ തവണ അടിയന്തര തിരിച്ചിറക്കലുകള്‍ നടത്തിയതും യന്ത്രത്തകരാറുകളുണ്ടായതും എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനങ്ങള്‍ക്കാണ്.

എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ എ ജി എസ് ചെക്കിങ് നടത്തിയശേഷമേ സർവിസ് നടത്താവൂവെന്നാണ് ​ചട്ടം. എന്നാല്‍, പത്ത് വര്‍ഷം പിന്നിട്ട വിമാനങ്ങൾ പോലും ചെക്കിങ്​ നടത്തുന്നില്ല. ഒരുവിമാനം പൂർണമായി പരിശോധിക്കാൻ രണ്ട് മാസത്തിലധികം സമയമെടുക്കും.

ഇത് ഷെഡ്യൂളുകളെ ബാധിക്കുമെന്നതിനാലാണ്​ ഇതിന് തയാറാകാതിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് വിമാനങ്ങളുടെ സർവിസുകള്‍ കുറഞ്ഞിട്ടും സ്വന്തമായി തിരുവനന്തപുരം വിമാനത്താളത്തില്‍ ഹാങ്ങറുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് അതിന് തയാറായിട്ടില്ല എന്നതാണ് കഴിഞ്ഞദിവസത്തെ തിരിച്ചിറക്കൽ വ്യക്തമാക്കുന്നത്.